സമ്പദ് വ്യവസ്ഥ കുതിക്കുകയാണെന്നും സമീപ ഭാവിയില്‍ ലോകത്ത് മുന്‍നിരയിലെത്തുമെന്നുമൊക്കെ സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴാണ് ഇന്ത്യയില്‍ കര്‍ഷകര്‍ക്കും കൂലിപ്പണിക്കാര്‍ക്കും 50 രൂപപോലും എത്ര വിലപ്പെട്ടതാണെന്നത് ബിഹാറില്‍ നിന്നുള്ള ഒരു വാര്‍ത്ത തെളിയിക്കുന്നത്. കടമായി വാങ്ങിയ 50 രൂപ തിരിച്ചുവാങ്ങുന്നതുമായി ബന്ധപ്പെട്ട് രണ്ട് കൂലിപ്പണിക്കാര്‍ നടത്തിയ തര്‍ക്കത്തിനൊടുവില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. മൊഹാനിയ ഗ്രാമത്തിലെ കൂലിപ്പണിക്കാരനായ മുഹമ്മദ് നൗഷാദാണ് കൊല്ലപ്പെട്ടത്.
നൗഷാദ് രണ്ടുദിവസം മുന്‍പ് ഇന്റേസാറില്‍ നിന്നും 50 രൂപ കടമായി വാങ്ങിയിരുന്നു. ചൊവ്വാഴ്ച ഇത് തിരിച്ചുവാങ്ങാനായി നൗഷദിന്റെ വീട്ടിലെത്തി. എന്നാല്‍ തിരിച്ചു നല്‍കാന്‍ തന്റെ കൈയ്യില്‍ പണമില്ലെന്നും വൈകിട്ട് തരമാമെന്നും നൗഷാദ് പറഞ്ഞു. എന്നാല്‍ ഇന്റേസാര്‍ വഴക്കുകൂടുകയായിരുന്നു. ഇതിനിടെ മണ്‍വെട്ടികൊണ്ട് ഇന്റേസാര്‍ നൗഷാദിന്റെ തലയ്ക്കടിച്ചതാണ് മരണകാരണമായത്. പാവപ്പെട്ടവരായ ഇവര്‍ കൂലിപ്പണിക്കാരാണെന്നും ചെറിയ വരുമാനത്തില്‍ ജീവിതം തള്ളിനീക്കുന്നവരാണെന്നും പൊലീസ് വ്യക്തമാക്കി.