നമ്മള്‍ ചെയ്ത പാപങ്ങളെല്ലാം കഴുകി കളയുന്നു എന്ന വിശ്വാസത്തിലാണ് ഗംഗയിലും മറ്റ് പുണ്യ നദികളിലും മുങ്ങുന്നതും പള്ളികളില്‍ പോയി കുമ്പസാരം നടത്തുന്നതും. എന്നാല്‍ രാജസ്ഥാനിലെ ഒരു ശിവ ക്ഷേത്രത്തില്‍ വളരെ വ്യത്യസ്തമായ ഒരു രീതി നിലനില്‍ക്കുന്നുണ്ട്. പാപമുക്തിക്കായി ഭക്തര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ് അവിടെ ചെയ്യുന്നത്.
അനേകം വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ക്ഷേത്രമാണിത്. പ്രതാപ്ഗണ്ഡ് ജില്ലയിലാണ് ഗൗതമേശ്വര്‍ മഹാദേവ് എന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ പാപ മോചനത്തിനായി മന്ദാകിനി കുണ്ട് എന്ന പേരിലുള്ള ഒരു തീര്‍ത്ഥ കുളമുണ്ട്. ഇതില്‍ മുങ്ങുന്ന ഭക്തര്‍ക്കാണ് ക്ഷേത്രം അധികാരികള്‍ പാപ മുക്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. പതിനൊന്നു രൂപയാണ് ഇതിനായി ക്ഷേത്രം അധികാരികള്‍ ഈടാക്കുന്നത്.
ദിവസവും നൂറ്കണക്കിന് ഭക്തരാണ് മന്ദാകിനി കുണ്ടില്‍ മുങ്ങാനായി എത്തുന്നത്. രാജസ്ഥാനിലെ പേരുകേട്ട ഒരു ക്ഷേത്രമാണ് ഗൗതമേശ്വര്‍ ക്ഷേത്രം. ആദ്യ കാലങ്ങളില്‍ ആദിവാസി സമുദായമായിരുന്നു ഇവിടെ ആരാധനയ്ക്കായി എത്തിയിരുന്നത്. എന്നാല്‍ ഇന്ന് എല്ലാ സമുദായങ്ങളില്‍ നിന്നും ഭക്തര്‍ എത്താറുണ്ടെന്ന് അധികാരികള്‍ വ്യക്തമാക്കി. ദോഷ നിവാരണത്തിനായും ഈ ക്ഷേത്രത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാറുണ്ട്.