കേന്ദ്രമന്ത്രിമാർ പഞ്ചനക്ഷത്ര ഹോട്ടലുകൾ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചുമതലയുള്ള വകുപ്പിനു കീഴില്‍ വരുന്ന പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്ന് ഏതെങ്കിലും തരത്തില്‍ സൗജന്യ സേവനം കൈപ്പറ്റുന്നത് ഒഴിവാക്കാനും മന്ത്രിമാര്‍ക്ക് മോദി നിര്‍ദേശം നല്‍കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബുധനാഴ്ച നടന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിനു ശേഷമായിരുന്നു മോദിയുടെ ഈ നാടകീയ ഇടപെടൽ. യോഗം കഴിഞ്ഞു പുറത്തേക്കിറങ്ങിയ മന്ത്രിമാരെ തിരിച്ചുവിളിച്ചായിരുന്നു പ്രധാനമന്ത്രി ആഢംബര ജീവിതത്തിനെതിരെ സംസാരിച്ചത്. സർക്കാർ സൗകര്യങ്ങൾ ലഭ്യമായിരിക്കെ എന്തിനാണ് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിക്കുന്നതെന്നായിരുന്നു മന്ത്രിമാരോടു മോദിയുടെ പ്രധാനചോദ്യം.
പൊതുമേഖല സ്ഥാപനങ്ങളുടെ വാഹനങ്ങൾ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നും മോദി നിര്‍ദേശം നല്‍കി. ഇത്തരം വാഹനങ്ങൾ മന്ത്രിമാരോ ബന്ധുക്കളോ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തേയും മന്ത്രിമാരുടേയും മറ്റും ആഢംബരത്തിനെതിരെ മോദി നിലപാടെടുത്തിരുന്നു.