തരൂരിന്റെ പ്രേമബന്ധത്തെക്കുറിച്ച് സുനന്ദ പറഞ്ഞിരുന്നെന്ന് നളിനി സിംഗ്
ചൊവ്വ, 13 ജനുവരി 2015 (11:56 IST)
മുന്‍ കേന്ദ്രമന്ത്രിയും ലോക്സഭ എം പിയുമായ ശശി തരൂരിന്റെ പ്രേമബന്ധത്തെക്കുറിച്ച് സുനന്ദ പുഷ്കര്‍ മാധ്യമപ്രവര്‍ത്തക നളിനി സിംഗിനോട് പറഞ്ഞിരുന്നു. സുനന്ദ പുഷകറിന്റെ മരണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയിലാണ് നളിനി സിംഗ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
മരണം സംഭവിക്കുന്നതിനു ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് സുനന്ദ തന്നെയാണ് ഇതു സംബന്ധിച്ചുള്ള വെളിപ്പെടുത്തലുകള്‍ നളിനിയോട് നടത്തിയത്. പാക് മാധ്യമപ്രവര്‍ത്തകയായ മെഹര്‍ തരാരുമൊത്ത് ശശി തരൂര്‍ ദുബായില്‍ മൂന്നു ദിവസം ഒരുമിച്ചു കഴിഞ്ഞെന്നും തരൂര്‍ ഇല്ലാതെ തനിക്ക് ജീവിക്കാന്‍ കഴിയില്ലെന്ന് മെഹര്‍ പറഞ്ഞതായും നളിനിയുടെ മൊഴിയില്‍ വ്യക്തമാക്കുന്നു.
തരൂര്‍ മെഹര്‍ തരാരുമൊത്ത് മൂന്നുദിവസം ദുബായില്‍ കഴിഞ്ഞിരുന്നതായി പറയുന്ന സമയങ്ങളില്‍ അദ്ദേഹം കേന്ദ്രമന്ത്രി ആയിരുന്നു. ഇതിനിടെ, തരൂരിനെ ചോദ്യം ചെയ്യുന്നതിനു മുമ്പേ ലഭ്യമായ തെളിവുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ഡല്‍ഹി പൊലീസ്.
കഴിഞ്ഞ മൂന്നുനാലു വര്‍ഷമായി തനിക്ക് സുനന്ദയെ അറിയാം. കഴിഞ്ഞ ഒരു വര്‍ഷമായി സുനന്ദ തന്നോട് അവരുടെ സ്വകാര്യജീവിതത്തെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു. ഇതില്‍ തന്നെ പ്രധാനമായും ശശി തരൂരുമായുള്ള ബന്ധത്തെക്കുറിച്ചും ആയിരുന്നു സംസാരിച്ചിരുന്നത്. മരിക്കുന്നതിനു ആറേഴു മാസങ്ങള്‍ക്കു മുമ്പ് ആണ് തരൂരിന് പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള പ്രേമബന്ധത്തെക്കുറിച്ച് സുനന്ദ പറഞ്ഞത്. തരൂരിന്റെ ഈ ബന്ധത്തില്‍ സുനന്ദയ്ക്ക് വളരെ വേദനയുണ്ടായിരുന്നെന്നും നളിനി സിംഗ് വെളിപ്പെടുത്തുന്നു.
2013 ജൂണില്‍ തരൂരും തരാറും ദുബായില്‍ മൂന്നുദിവസം ഒരുമിച്ചു കഴിഞ്ഞതായി തനിക്ക് ഉറപ്പുണ്ടെന്ന് സുനന്ദ പറഞ്ഞിരുന്നു. ദുബായില്‍ സുനന്ദയ്ക്ക് നിരവധി സുഹൃത് ബന്ധങ്ങളുണ്ട്. അവിടെയുള്ള സുഹൃത്തുക്കളാണ് സുനന്ദയെ ഇക്കാര്യം അറിയിച്ചത്. ഇതിനുള്ള തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും സുനന്ദ പറഞ്ഞിരുന്നു.
സുനന്ദ മരിക്കുന്നതിനു തൊട്ടു മുമ്പുള്ള ദിവസങ്ങളില്‍ രാത്രി 12 മണിയോടെ തന്റെ ഫോണില്‍ സുനന്ദ വിളിച്ചിരുന്നു. ഫോണിലൂടെ അവര്‍ തേങ്ങിക്കരയുകയായിരുന്നു. തരൂറും മെഹറും പ്രണയ സന്ദേശങ്ങള്‍ കൈമാറിയിരുന്നെന്നും 2014 ലെ തെരഞ്ഞെടുപ്പിനു ശേഷം സുനന്ദയില്‍ നിന്ന് വിവാഹമോചനം നേടി മെഹറിനെ വിവാഹം ചെയ്യുമെന്ന് തരൂര്‍ ഒരു സന്ദേശത്തില്‍ പറഞ്ഞിരുന്നതായും നളിനി മൊഴിയില്‍ പറയുന്നു.