ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട് പളനിസ്വാമി; പോയസ് ഗാര്‍ഡന്‍ മ്യൂസിയമാക്കുമെന്നും തമിഴ്നാട് സർക്കാർ

Webdunia
വ്യാഴം, 17 ഓഗസ്റ്റ് 2017 (17:29 IST)
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ച് തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ജയലളിതയുടെ ആശുപത്രി വാസക്കാലവും മരണത്തില്‍ ആരോപിക്കപ്പെടുന്ന ദുരൂഹതയും അന്വേഷിക്കാന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയാണ് ഉത്തരവിട്ടത്. അതോടൊപ്പം പോയസ് ഗാർഡൻ സർക്കാർ ഏറ്റെറ്റുക്കുമെന്നും അത് ജയലളിതയുടെ സ്മാരകമായി വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു.
 
വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷനാണ് മുന്‍ മുഖ്യമന്ത്രിയുടെ മരണം അന്വേഷിക്കുക. മുഖ്യമന്ത്രിയായിരുന്ന ഒ പനീർസെൽവം ഉന്നയിച്ച പ്രധാന ആവശ്യങ്ങളായിരുന്നു ഇവയെല്ലാം. പനീർസെൽവത്തിന്റെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചത് ഇരുവിഭാഗങ്ങളും തമ്മിലുള്ള ലയനത്തിന്റെ സൂചനയായിട്ടാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്.
 
ജയലളിതയുടെ തോഴി ശശികലയും അവരുടെ ബന്ധുക്കളുമാണ് ജയയുടെ എല്ലാ സ്വത്തുക്കളും ഇപ്പോള്‍ അനുഭവിച്ചുവരുന്നത്. മന്നാര്‍ഗുഡി സംഘത്തെ അണ്ണാഡിഎംകെയില്‍ നിന്ന് പുറത്താക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണ പ്രഖ്യാപനവും പോയസ് ഗാര്‍ഡന്‍ മ്യൂസിയമാക്കാനുള്ള തീരുമാനവും. കഴിഞ്ഞവര്‍ഷം ഡിസംബര്‍ അഞ്ചിനായിരുന്നു ജയലളിത മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം അന്നു തന്നെ ശക്തമായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article