മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയായ ഗൌരി ലങ്കേഷ് അഞ്ജാതരുടെ വെടിയേറ്റ് മരണപ്പെട്ട സംഭവത്തില്‍ രാജ്യത്ത് പ്രതിഷേധം ശക്തമാവുകയാണ്. തെറ്റുകള്‍ക്കെതിരെ ശബ്ദിക്കുന്ന നാവുകളെ അരിഞ്ഞില്ലാതാക്കുന്ന ഒരുകൂട്ടം ആളുകള്‍ക്കിടയില്‍ ജീവിക്കുമ്പോള്‍ മറക്കാന്‍ പാടില്ലാത്ത കൊലപാതകങ്ങള്‍ ഇന്ത്യയില്‍ സംഭവിച്ചിട്ടുണ്ട്. ‘ഓര്‍ത്തിരിക്കേണ്ട കൊലപാതകങ്ങള്‍’ എന്ന തലക്കെട്ടോടു കൂടി ഗോപി കൃഷ്ണന്‍ എന്ന വ്യക്തി തന്റെ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റ് വൈറലാകുന്നു.
ഗോപി കൃഷ്ണന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:
ഓര്‍ത്തിരിക്കേണ്ട കൊലപാതകങ്ങള്‍...
നരേന്ദ്ര ധാബോല്‍ക്കര്‍
ഇന്ത്യന്‍ കബഡി ടീമംഗവും അന്ധവിശ്വാസങ്ങള്‍ക്കും ദുര്‍മന്ത്രവാദത്തിനുമെതിരെ പൊരുതിയ സാമൂഹിക പ്രവര്‍ത്തകനായിരുന്നു നരേന്ദ്ര ധാബോല്‍ക്കര്‍. മഹാരാഷ്ട്ര അന്ധവിശ്വാസ നിര്‍മൂലന്‍ സമിതിയുടെ നേതാവായിരുന്നു. ബാബ അധാവയുമായി സഹകരിച്ചും പ്രൊഫ. ശ്യാം മാനവിന്റെ അഖി; ഭാരതീയ അന്ധവിശ്വാസനിര്‍മൂലന്‍ സമിതിയയുടെ (ABANS) എക്‌സിക്യുട്ടീവ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. പുരോഗമന ആശയങ്ങളുടെ പ്രചരണത്തിനായി പുറത്തിറക്കുന്ന സാധന എന്ന മാസികയുടെ പത്രാധിപരായിരുന്നു.
ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജാതി വ്യവസ്ഥയെയും തൊട്ടുകൂടായ്മയെയും വിമര്‍ശിച്ചു. ദളിതരുടെ തുല്യ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടി.
ദുര്‍മന്ത്രവാദവും മറ്റ് അനാചാരങ്ങളും നിരോധിക്കുന്ന, അന്ധവിശ്വാസ ദുരാചാരനിര്‍മാര്‍ജ്ജന നിയമം (Anti-superstition and black magic bill) പാസാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനുമേന്‍ സമ്മര്‍ദം ചെലുത്തിവരികയായിരുന്നു.
കൊല ചെയ്യപ്പെട്ടത്: 2013 August 20
സ്ഥലം: പൂനെ, മഹാരാഷ്ട്ര
കൊല നടത്തിയ രീതി: പ്രഭാത സവാരിക്കിടെ പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം രണ്ട് അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെടുന്നു.
ഗോവിന്ദ് പന്‍സാരെ
മഹാരാഷ്ട്ര സ്വദേശിയായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനും ഗ്രന്ഥകാരനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ (CPI) മുതിര്‍ന്ന നേതാവും ബുദ്ധിജീവിയുമായിരുന്ന വ്യക്തിയാണ് ഗോവിന്ദ് പന്‍സാരെ. പതിനേഴാം നൂറ്റാണ്ടിലെ മഹാരാഷ്ട്ര ഭരണാധികാരിയായിരുന്ന ശിവജിയെക്കുറിച്ച് വസ്തുനിഷ്ഠമായി രചിച്ച ആരായിരുന്നു ശിവജി? എന്ന അദ്ദേഹത്തിന്റെ പുസ്തകം ജനപ്രീതി നേടിയിരുന്നു. ഈ പുസ്തക രചന കാരണം വര്‍ഗ്ഗീയ തീവ്രവാദികളില്‍ നിന്ന് അദ്ദേഹം ഭീഷണി നേരിട്ടിരുന്നു.
വെടിയേറ്റത്:2015 ഫെബ്രുവരി 16
സ്ഥലം: മുംബൈ ,മഹാരാഷ്ട്ര
കൊല നടത്തിയ രീതി: പ്രഭാത സവാരിക്കിടെ പന്‍സാരയേയും ഭാര്യയേയും ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ ക്ലോസ് റേഞ്ചില്‍ വെടിവെച്ച ശേഷം രക്ഷപെടുന്നു. ആശുപത്രിയില്‍ വെച്ച് മരണം. കൊലപാതകത്തിന് ഏഴു മാസങ്ങള്‍ക്ക് ശേഷം ഹിന്ദുത്വ തീവ്രവാദ സംഘടനയായ സനാതന്‍ സന്‍സ്തയുടെ പ്രവര്‍ത്തകര്‍ കൊലപാതകക്കേസില്‍ അറസ്റ്റിലായി.
എം.എം. കല്‍ബുര്‍ഗി
കന്നഡ സാഹിത്യകാരനും കന്നട സര്‍വകലാശാലാ മുന്‍ വി.സിയുമായിരുന്നു ഡോ. എന്ന മല്ലേഷപ്പ മാടിവലപ്പ കല്‍ബുര്‍ഗി. വിഗ്രഹാരാധനക്കും അന്ധവിശ്വാസത്തിനുമെതിരെ തീവ്ര നിലപാടുകള്‍ സ്വീകരിച്ചിരുന്നു.
വിഗ്രഹാരാധനയെ എതിര്‍ത്തതിന് ഇദ്ദേഹത്തിന് ഹിന്ദുത്വ ഭീകരരുടെ വധഭീഷണിയുണ്ടായിരുന്നു. ദൈവകോപമുണ്ടാകുമോ എന്നു പരീക്ഷിക്കാന്‍ വിഗ്രഹങ്ങളിലും ദൈവത്തിന്റെ ചിത്രങ്ങളിലും ചെറുപ്പകാലത്തു മൂത്രമൊഴിച്ചിട്ടുണ്ടെന്ന എഴുത്തുകാരന്‍ യു.ആര്‍. അനന്തമൂര്‍ത്തിയുടെ വാക്കുകള്‍ അടുത്തിടെ ഒരു ചടങ്ങില്‍ കല്‍ബുര്‍ഗി പരാമര്‍ശിച്ചിരുന്നു. തുടര്‍ന്ന് കല്‍ബുര്‍ഗിക്കെതിരേ വി.എച്ച്.പി.യും,ബംജ്രംഗ്ദളും രംഗത്തെത്തിയിരുന്നു.
കൊല ചെയ്യപ്പെട്ടത്: 2015 ആഗസ്റ്റ് 30
സ്ഥലം: ധര്‍വാഡ് ,കര്‍ണാടക
കൊല നടത്തിയ രീതി: രാവിലെ വീട്ടിലെത്തിയ രണ്ട് അക്രമികള്‍ പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബൈക്കില്‍ രക്ഷപെടുന്നു.
ഗൗരി ലങ്കേഷ്
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും സാമൂഹിക പ്രവർത്തകയുമായിരുന്നു ഗൗരി ലങ്കേഷ്. എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായിരുന്ന പി ലങ്കേഷിന്റെ മകളായ ഗൗരി ലങ്കേഷ് ഹിന്ദുത്വ ഭീകരതയ്ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തുന്ന വ്യക്തിത്വമായിരുന്നു.
കൊല ചെയ്യപ്പെട്ടത്: 2017 സെപ്റ്റംബർ 5
സ്ഥലം: ബാംഗ്ലൂര്‍ , കര്‍ണാടക
കൊല നടത്തിയ രീതി: ചൊവ്വാഴ്ച വൈകുന്നേരം എട്ട് മണിക്കാണ് സംഭവം നടന്നത്. ഗൗരി ലങ്കേഷ് തന്റെ കാറില്‍ നിന്ന് ഇറങ്ങി വീടിന്റെ ഗേറ്റ് തുറക്കുമ്പോള്‍ ക്ലോസ് റേഞ്ചില്‍ നിന്ന് വെടിവെച്ചിട്ട ശേഷം അക്രമികള്‍ രക്ഷപെട്ടു.
ഇനി ഒരു കൊലപാതകം കൂടിയുണ്ട് അത് 1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡല്‍ഹിയിലെ ബിര്‍ളാ മന്ദിരത്തില്‍ ഒരു പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കവേ ഹിന്ദു മഹാസഭ പ്രവര്‍ത്തകനായ നാഥുറാം ഗോഡ്‌സേ എന്ന ഹിന്ദു മതഭ്രാന്തന്‍ പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ച് കൊന്ന ഒരു മനുഷ്യനാണ്.