ഇന്‍ഫോസിസ് മേധാവി വിശാല്‍ സിക്ക രാജിവച്ചു

വെള്ളി, 18 ഓഗസ്റ്റ് 2017 (11:40 IST)
പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ , മാനേജിങ് ഡയറക്ടര്‍ പദവികളില്‍ നിന്ന് വിശാല്‍ സിക്ക രാജിവച്ചു. അതേസമയം സിക്ക എക്സിക്യൂട്ടീവ് വൈസ് ചെയർമാന്‍ പദവിയില്‍ തുടരുമെന്നും വിവരമുണ്ട്. പ്രവീൺ റാവുവിനെ ഇടക്കാല സിഇഒ ആയി നിയമിക്കും. 
 
പുതിയ സിഇഒയെ നിയമിക്കും വരെ സിക്കയ്ക്ക് എംഡിയുടെയും സിഇഒയുടെയും അധികച്ചുമതല ഉണ്ടായിരിക്കുമെന്ന് ഇന്‍ഫോസിസ് പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ അറിയിച്ചു. തന്ത്രപരമായ കാര്യങ്ങളിൽ മുൻകരുതലെടുക്കുക, ഉപഭോക്താക്കളുമായുള്ള ബന്ധം മെച്ചപ്പെടുത്തുക, സാങ്കേതികമേഖലയിലെ വികസനം തുടങ്ങിയവയായിരിക്കും സിക്കയുടെ പുതിയ ചുമതലകള്‍. 
 
ഇന്‍ഫോസിസിന്റെ ബോർഡിനായിരിക്കും സിക്ക റിപ്പോർട്ടു ചെയ്യേണ്ടത്. ഇടക്കാല സിഇഒ, എംഡി പദവികളില്‍ നിയമിക്കപ്പെട്ട പ്രവീണ്‍ റാവു സിക്കയ്ക്കായിരിക്കണം റിപ്പോർട്ടു ചെയ്യേണ്ടതെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. ഇൻഫോസിസിന്റെ ഓഹരികളിൽ വലിയ ഇടിവുണ്ടായതിന് പിന്നാലെയാണ് രാജി. 
 

വെബ്ദുനിയ വായിക്കുക