അഗസ്‌റ്റ വെസ്‌റ്റ്ലാൻഡ് അഴിമതി: കോണ്‍ഗ്രസ് നേതാക്കൾ ജയിലഴി എണ്ണുമെന്ന് സുബ്രഹ്മണ്യൻ സ്വാമി

Webdunia
വ്യാഴം, 5 മെയ് 2016 (13:48 IST)
അഗസ്‌റ്റ വെസ്‌റ്റ്ലാൻഡ് വി വി ഐ പി ഹെലികോപ്‌റ്റർ അഴിമതി നടത്തിയതിന് കോൺഗ്രസ് നേതാക്കള്‍ ജയിലഴി എണ്ണേണ്ടി വരുമെന്ന് മുതിർന്ന ബി ജെ പി നേതാവും രാജ്യസഭാ എം പിയുമായ സുബ്രഹ്മണ്യൻ സ്വാമി. ദേശീയ മാധ്യമത്തോട് സംസാരിക്കവേയാണ് സ്വാമി ഇക്കാര്യം പറഞ്ഞത്.
 
ഇടപാടിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ രാഷ്ട്രീയരംഗം വിടുമെന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ പ്രസ്താവനയേയും സ്വാമി പരിഹസിച്ചു. ഈ കേസിൽ തെറ്റുകാരനെന്ന് തെളിഞ്ഞാൽ ജയിലിൽ പോകേണ്ടിവരുമെന്ന സ്ഥിതി നിലനിൽക്കെ ഇത്തരം പ്രഖ്യാപനങ്ങളൊന്നും അഹമ്മദ് പട്ടേൽ നടത്തേണ്ടതിലെന്നും സ്വാമി പറഞ്ഞു.
 
യു പി എ ഭരണകാലത്ത് ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. എന്നിട്ടാണ് ഇപ്പോള്‍ സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം വേണമെന്ന് അവര്‍ പറയുന്നത്. ഇന്നലെ താൻ രാജ്യസഭയിൽ നടത്തിയ പ്രസംഗത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് ഇടപാടിലുള്ള പങ്കിനെക്കുറിച്ച് അവസാനം മാത്രം സംസാരിച്ചത് ഒരു തന്ത്രത്തിന്റെ ഭാഗമാണെന്നും ഇക്കാരണത്താലാണ് പ്രതിപക്ഷം സഭ ബഹിഷ്കരിക്കാതെ മുഴുവൻ കേട്ടിരുന്നതെന്നും സ്വാമി പറഞ്ഞു.
 
12 വി വി ഐ പി കോപ്റ്ററുകൾ വാങ്ങാനുള്ള ഇടപാടിൽ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾ 125 കോടി രൂപയോളം കമ്മിഷൻ കൈപ്പറ്റിയെന്ന് ഇറ്റാലിയൻ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 225 പേജുള്ള കോടതി വിധിയില്‍ സോണിയയെക്കുറിച്ചും മൻമോഹൻ സിങിനെക്കുറിച്ചും പരാമർശമുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article