രാജ്യത്തെ മുസ്ലിം പള്ളികളിലെല്ലാം ഗൗരിയുടെയും ഗണേശന്റെയും വിഗ്രഹങ്ങള്‍ സ്ഥാപിക്കുമെന്ന് വിവാദ ബിജെപി എംപി യോഗി ആദിത്യ നാഥ് പ്രസ്താവിച്ചു. വാരാണസിയില്‍ നടന്ന വിരാട് ഹിന്ദു സമ്മേളനത്തിലാണ് യോഗി ആദിത്യനാഥ് ഈ പ്രസ്താവന നടത്തിയത്. യോഗത്തില്‍ വിഎച്പിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഘര്‍വാപസിയേയും അദ്ദേഹം ന്യായീകരിച്ചു.
ലോകത്തെവിടെയെങ്കിലും മോസ്‌കിനകത്ത് ഗൗരിയുടെയും ഗണേശന്റെയും വിഗ്രഹങ്ങള്‍ കണ്ടിട്ടുണ്ടോ. ഞങ്ങള്‍ക്ക് അവസരം തരൂ, എല്ലാ പള്ളികളിലും ഞങ്ങള്‍ ഗണേശന്റെയും നന്ദിയുടെയും ഗൗരിയുടെയും വിഗ്രഹങ്ങള്‍ സ്ഥാപിക്കാം. ഇതായിരുന്നു ആദിത്യ നാഥ് യോഗത്തില്‍ പറഞ്ഞത്. മിഷനറിമാര്‍ ആദിവാസികളെയും പാവപ്പെട്ടവരെയും മതപരിവര്‍ത്തനം നടത്തിയപ്പോള്‍ ഈ പറയുന്ന മതേതരവാദികള്‍ എവിടെയായിരുന്നു എന്നും ആദിത്യ നാഥ് ചോദിച്ചു.
ഇന്ത്യയിലെ മതങ്ങളുടെ അസഹിഷ്ണുത കണ്ടാല്‍ മഹാത്മാഗാന്ധി പോലും ദുഖിക്കും എന്ന് പറഞ്ഞ അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയെ ആദിത്യനാഥ് വിമര്‍ശിച്ചു. അമേരിക്കയില്‍ ഈ അടുത്ത കാലംവരെ കടുത്ത വംശീയത കാണാനുണ്ടായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. പ്രസംഗങ്ങളില്‍ കടുത്ത വര്‍ഗീയത വിളമ്പുന്ന യോഗി ആദിത്യനാഥിന്റെ പ്രസ്ഥാവന പാര്‍ലമെന്റിനകത്തും പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. അതിനിടെയാണ് പള്ളികളില്‍ വിഗ്രഹങ്ങള്‍ സ്ഥാപിക്കും എന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.