ബിജെപി സർക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി രംഗത്ത്. നാനാത്വത്തിൽ അധിഷ്ഠിതമായ ഇന്ത്യയിൽ ഹിന്ദുത്വത്തെ മാത്രം പ്രോൽസാഹിപ്പിക്കുന്ന രീതിയാണ് ബിജെപി സർക്കാർ ചെയ്യുന്നത്. യോഗ ദിനാഘോഷത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഹിന്ദുത്വ അജൻഡയെ പ്രോൽസാഹിപ്പിക്കാനാണ് ബിജെപി കൂട്ടുനിന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ ജീവിതനിലവാരവും വിശപ്പും ദാരിദ്ര്യവും ഇല്ലാതാക്കുകയാണ് ആദ്യം വേണ്ടത്. ഈ സാഹചര്യത്തിൽ ജനങ്ങളുടെ ജീവിതം രക്ഷിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. അതിനുശേഷമാണ് അവരുടെ ജീവിതനിലവാര ഉയർച്ചയെക്കുറിച്ച് ചിന്തിക്കേണ്ടത്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാതെ ആളുകളെ കബളിപ്പിക്കുകയാണ് യോഗ പോലുള്ള പരിപാടികളിലൂടെയെന്നും സീതാറാം യച്ചൂരി പറഞ്ഞു.
എൻഡിഎ സർക്കാർ അധികാരത്തിലേറി ഒരു വർഷം പിന്നിടുമ്പോൾ രാജ്യത്ത് 194.6 മില്യൻ ജനങ്ങൾ ഇപ്പോഴും ദാരിദ്ര്യം അനുഭവിക്കുന്നു. കുട്ടികൾ പട്ടിണി മൂലം മരണമടയുന്നു. യോഗയിലൂടെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താൻ കഴിയുമെങ്കിൽ അവരുടെ വിശപ്പും ദാരിദ്ര്യവും ഇല്ലാതാക്കുകയാണ് ആദ്യം വേണ്ടതെന്നും യച്ചൂരി പറഞ്ഞു.