രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം, യമനില്‍ നിന്ന് 1900 ഇന്ത്യാക്കാരെക്കൂടി ഒഴിപ്പിക്കും

ശനി, 4 ഏപ്രില്‍ 2015 (08:07 IST)
യെമനില്‍ നിന്നു മൂന്നു വിമാനങ്ങളിലും രണ്ടു കപ്പലുകളിലുമായി 1900 ഇന്ത്യക്കാരെ കൂടി ഉടന്‍ ഒഴിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യമന്‍ തലസ്ഥാനമായ സനാ‍ വിമാനത്താവളത്തില്‍ വിമാനമിറക്കാന്‍ അനുമതി ലഭിച്ച പശ്ചാത്തലത്തില്‍ ഇവിടെ കുടുങ്ങിക്കിടന്ന ഇന്ത്യാക്കാരെ ഭൂരിഭാഗം ആളുകളേയും ജിബുത്തിയിലെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. യെമനിലെ ഏഡന്‍, അല്‍ ഹുദൈദ തുറമുഖങ്ങളില്‍ നിന്നു നാവികസേനയുടെ രണ്ടു കപ്പലുകള്‍ ഇന്ത്യക്കാരുമായി ഇന്നു മടങ്ങുമെന്നു പ്രതീക്ഷിക്കുന്നു.

അതിനിടെ ഇന്നലെ രാത്രിയൊടെ തന്നെ എണ്ണൂറോളം ഇന്ത്യാക്കാരെ നാട്ടിലെത്തിച്ചിട്ടുണ്ട്. ജിബൂത്തിയില്‍ നിന്നും മൂന്ന് വിമാനങ്ങളിലായി 568 പേര്‍ മുംബൈ അന്താരാഷ്ട്ര വിമാനതാവളത്തിലും 330 ഇന്ത്യാക്കാര്‍ കൊച്ചിയിലും എത്തി. മുംബൈയില്‍ എത്തിയവരില്‍ 61 മലയാളികളും ഉള്‍പ്പെടുന്നു. ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനുള്ള തടസ്സങ്ങള്‍ കുറഞ്ഞതായി നാവികസേനയും വിദേശകാര്യ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്.

യെമനില്‍നിന്നു തിരിച്ചെത്തുന്ന മലയാളികള്‍ക്കു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പോകുന്നതിനു കൊച്ചി വിമാനത്താവളത്തില്‍നിന്ന് ആറു കെഎസ്ആര്‍ടിസി ബസുകള്‍ ഏര്‍പ്പെടുത്തിയതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാന്‍ ഒരു അഡീഷനല്‍ ബസുമുണ്ട്. യാത്ര സൌജന്യമാണെന്നും മന്ത്രി പറഞ്ഞു.

വിമാനത്തില്‍ മുംബൈയില്‍ എത്തുന്നവര്‍ക്ക് നാട്ടിലേക്ക് സൌജന്യ ടിക്കറ്റ് നല്‍കിവരുന്നതായി റയില്‍വേ വക്താവ്  അറിയിച്ചു. മന്ത്രി സുരേഷ് പ്രഭുവിന്റെ പ്രത്യേക നിര്‍ദ്ദേശമനുസരിച്ചാണിത്. കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിലേക്കുള്ളവര്‍ക്ക് കഴിഞ്ഞദിവസം മുതല്‍ ഇങ്ങനെ ടിക്കറ്റ് നല്‍കി. ഇവര്‍ക്ക് ഭക്ഷണവും വിശ്രമസൌകര്യവും ഒരുക്കിയിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക