‘75 പിന്നിട്ടവരെ മോഡി സര്‍ക്കാര്‍ മസ്തിഷ്‌ക മരണം സംഭവിച്ചവരായി കാണുന്നു’

Webdunia
വ്യാഴം, 25 ജൂണ്‍ 2015 (14:30 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ  വിമര്‍ശവുമായി മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ. പ്രധാനമന്ത്രി മുതിര്‍ന്ന നേതാക്കളെ പൂര്‍ണമായും അവഗണിക്കുയാണെന്നും ഇപ്പോഴത്തെ നേതൃത്വം 75 കഴിഞ്ഞവരെ മസ്തിഷ്‌ക മരണം സംഭവിച്ചവരായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന്റെ മെയ്ക് ഇന്‍ ഇന്ത്യ കാമ്പയ്‌നേയും സിന്‍ഹ പരിഹസിച്ചു. ആദ്യം രാജ്യത്തെ മികച്ച നിലയില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്ന് സിന്‍ഹ പറഞ്ഞു.

റോഡ് നിര്‍മാണത്തിനായുള്ള അസംസ്‌കൃത വസ്തുക്കളുടെ നികുതി കുറക്കണമെന്നും അദ്ദേഹം പറഞ്ഞു. വാജ്‌പേയി മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്ന താന്‍ ഇക്കാര്യം ചെയ്തതിനാല്‍ ഹൈവേ നിര്‍മാണം ദ്രുത ഗതിയില്‍ നടന്നിരുന്നെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു.  എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ക്ക് പുറകെ യശ്വന്ത് സിന്‍ഹയും വിമര്‍ശനവുമായി രംഗത്തെത്തിയത് ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.