യമുനനദി മലിനീകരണം: അഞ്ചു കോടി പിഴ ചുമത്തിയ നടപടിക്കെതിരെ അപ്പീല്‍ പോകുമെന്ന് ജീവനകലയുടെ ആചാര്യന്‍

വ്യാഴം, 10 മാര്‍ച്ച് 2016 (12:32 IST)
യമുനനദിയുടെ തീരത്ത് ലോക സാംസ്കാരികോത്സവം നടത്തുന്ന ആര്‍ട്ട് ഓഫ് ലിവിങിന് അഞ്ചുകോടി രൂപ പിഴ ചുമത്തിയ നടപടിക്കെതിരെ ശ്രീ ശ്രീ രവിശങ്കര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‌കും. ട്വിറ്ററിലൂടെയാണ് അഞ്ചുകോടി രൂപ പിഴ ചുമത്തിയ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചത്.
 
ഹരിത ട്രൈബ്യൂണലിന്റെ വിധിയില്‍ തൃപ്‌തിയില്ലെന്നും സത്യം ജയിക്കുമെന്നും രവിശങ്കര്‍ ട്വീറ്റ് ചെയ്തു. അതേസമയം, യമുനാതീരത്തെ ലോക സാംസ്കാരികോത്സവത്തില്‍ നിന്ന്‌ സിംബാബ്‌വേ പ്രസിഡന്‍റ് റോബർട്ട് മുഗാബെ വിട്ടുനിൽക്കുമെന്ന് അറിയിച്ചു.
 
ഇതിനിടെ, സ്വകാര്യ ആവശ്യങ്ങൾക്ക് സൈന്യത്തെ ഉപയോഗിക്കുന്നത് സംബന്ധിച്ച് പുതിയ നയം രൂപീകരിക്കാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം നീക്കം തുടങ്ങി. ഇതിന്‍റെ ഭാഗമായി പ്രതിരോധ സെക്രട്ടറിയോട് റിപ്പോർട്ട് തയ്യാറാക്കാൻ മന്ത്രി മനോഹർ പരീക്കർ നിര്‍ദ്ദേശം നൽകിയെന്നാണ് റിപ്പോർട്ട്.
 
ശ്രീശ്രീ രവിശങ്കറുടെ സാംസ്കാരിക പരിപാടിക്കായി സൈന്യത്തെ ഉപയോഗിച്ച് യമുനാനദിക്ക് കുറുകെ പാലം നിർമിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തിലാണ് പ്രതിരോധ മന്ത്രാലയത്തിന്‍റെ നടപടി.

വെബ്ദുനിയ വായിക്കുക