“മുംബൈ സ്ഫോടനത്തെക്കുറിച്ച് അറിയില്ലായിരുന്നു; പാകിസ്ഥാനിലെ ജീവിതം ആസ്വദിച്ചിരുന്നെങ്കില്‍ പിന്നെന്തിന് ഇന്ത്യയിലേക്ക് തിരിച്ചുവരണമായിരുന്നു” - യാക്കൂബ് മേമന്റെ അഭിമുഖം

Webdunia
വ്യാഴം, 30 ജൂലൈ 2015 (17:44 IST)
മുംബൈ സ്‌ഫോടനക്കേസില്‍ പിടിക്കപ്പെട്ട ശേഷം യാക്കൂബ് മേമനുമായി ന്യൂസ് ട്രാക്ക് എന്ന സ്വകാര്യ ചാനല്‍ പ്രതിനിധി മധു ട്രെഹാന്‍ 1994ല്‍ നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍. മേമന്റേതായി പുറത്തുവന്നിട്ടുള്ള ഒരേ ഒരു അഭിമുഖം കൂടിയാണ് ഇത്.
 
മധു ട്രെഹാന്‍ : 1993 മാര്‍ച്ച് 11ന് താങ്കള്‍ മുംബൈയില്‍ നിന്ന് ദുബായിലേക്കാണോ പോയത് ?എങ്ങനെയാണ് താങ്കള്‍ പാകിസ്ഥാനിലെത്തിയത് ?
 
യാക്കൂബ് മേമന്‍: മാര്‍ച്ച് 17ന് പാകിസ്ഥാന്‍ എയര്‍ലൈന്‍സില്‍ കറാച്ചിയിലേക്ക് പുറപ്പെട്ടു. ദുബായ് വഴി കറാച്ചിയിലേക്ക് പോകാനായിരുന്നു തീരുമാനം. കറാച്ചി വിമാനത്താവളം വരെ പാകിസ്ഥാനി ഏജന്റ് അനുഗമിച്ചു. എമിഗ്രേഷന്‍ ക്ലിയറന്‍സ് ഇല്ലാതെ വളരെ വേഗം ഞങ്ങള്‍ കറാച്ചി വിമാനത്താവളത്തിന് പുറത്തെത്തി.
 
മധു ട്രെഹാന്‍: ആരായിരുന്നു ആ പാകിസ്ഥാനി ഏജന്റ് ?
യാക്കൂബ് മേമന്‍: ആസിഫ് എന്നായിരുന്നു അയാളുടെ പേര്. വിമാനത്താവളത്തിന് പുറത്തുവരെ അയാള്‍ ഞങ്ങളെ അനുഗമിച്ചു. കറാച്ചി വിമാനത്താവളത്തിന് അകത്തുവന്ന് പുറത്തേക്ക് കൊണ്ടുപോയത് അയാളാണ്. എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു.
 
മധു ട്രെഹാന്‍ : പാകിസ്ഥാനി ഉദ്യോഗസ്ഥന്‍ വിമാനത്തില്‍ എത്തി നിങ്ങളെ കൂട്ടിക്കൊണ്ട് പോകുകയായിരുന്നോ ?
യാക്കൂബ് മേമന്‍: അതെ, അതെ.
 
മധു ട്രെഹാന്‍ : നിങ്ങളുടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ആ ഉദ്യോഗസ്ഥന് നല്‍കിയോ ?
യാക്കൂബ് മേമന്‍: അതെ, പാകിസ്ഥാനി ഏജന്റ് വിമാനത്തില്‍ എത്തി ഞങ്ങളെ കൂട്ടിക്കൊണ്ട് പോയി, അയാള്‍ ഞങ്ങളുടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് വാങ്ങി.
 
മധു ട്രെഹാന്‍ : അതിനു ശേഷം നിങ്ങളുടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് തിരിച്ചു തന്നോ ?
യാക്കൂബ് മേമന്‍: ഒരു വര്‍ഷം കഴിഞ്ഞാണ് ഞങ്ങളുടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് തിരിച്ച് നല്‍കിയത്.
 
മധു ട്രെഹാന്‍ : ആസിഫ് നിങ്ങളെ എങ്ങോട്ടേക്കാണ് കൊണ്ടു പോയത് ?
യാക്കൂബ് മേമന്‍ : വിമാനത്താവളത്തില്‍ നിന്നും ഞങ്ങളെ തൗഫീഖ് ജാലിയന്‍വാലായുടെ ബംഗ്ലാവിലേക്കാണ് കൊണ്ടുപോയത്. ബംഗ്ലാവ് കറാച്ചിയിലെ ദുരാജി കോളനിയിലാണ്. ഞങ്ങള്‍ അവിടെയാണ് താമസിച്ചത്.
 
മധു ട്രെഹാന്‍ : കുടുംബാംഗങ്ങള്‍ എല്ലാവരും ഉണ്ടായിരുന്നോ ?
യാക്കൂബ് മേമന്‍ : മാര്‍ച്ച് 17നാണ് ഞങ്ങള്‍ കറാച്ചിയിലെത്തിയത്. എന്നോടൊപ്പം ഭാര്യയും അച്ഛനും അമ്മയും ഇളയ സഹോദരനും ഉണ്ടായിരുന്നു. 20നോ 21നോ ആണ് മറ്റ് കുടുബാംഗങ്ങള്‍ എത്തിയത്.
 
മധു ട്രെഹാന്‍ : അതിനുശേഷം നിങ്ങള്‍ എവിടെയൊക്കെ താമസിച്ചു ?
യാക്കൂബ് മേമന്‍ : കുറച്ച് ദിവസങ്ങള്‍ക്കുശേഷം, 8 ദിവസം കഴിഞ്ഞ് ഞങ്ങള്‍ അവിടെ നിന്ന് തൗഫീഖ് ജാലിയന്‍വാലായുടെ പുതിയ വീട്ടിലേക്ക് താമസം മാറി. അത് ബ്ലോക്ക് 13ഡിയില്‍ ആയിരുന്നു.
 
മധു ട്രെഹാന്‍ : തൗഫീഖ് ആരാണ് ?
യാക്കൂബ് മേമന്‍ : എന്റെ സഹോദരന്‍ ടൈഗറിന്റെ സുഹൃത്താണ് തൗഫീഖ്. കറാച്ചി സ്വദേശിയായ തൗഫീഖ് ദുബായില്‍ ബിസിനസ്സുകാരനാണ്. ദുബായില്‍ ടൈഗറിന്റെ ബിസിനസ് പങ്കാളിയാണ് തൗഫീഖ്. തൗഫീഖിന് കറാച്ചിയില്‍ കണ്‍സ്ട്രക്ഷന്‍ ബിസിനസ്സുണ്ട്.
 
മധു ട്രെഹാന്‍ : ടൈഗറിന് കറാച്ചിയില്‍ കണ്‍സ്ട്രക്ഷന്‍ ബിസിനസ് ഉണ്ടോ ?
യാക്കൂബ് മേമന്‍ : ഇല്ല. ടൈഗറിന് പാകിസ്ഥാനില്‍ ഒരു ബിസിനസും ഇല്ല. തൗഫീഖും ടൈഗറും ദുബായിലാണ് ബിസിനസ് ചെയ്യുന്നത്. പാകിസ്ഥാനില്‍ അല്ല.
 
മധു ട്രെഹാന്‍ : എന്ത് ബിസിനസ് ?
യാക്കൂബ് മേമന്‍ : കള്ളക്കടത്ത് പോലെയുള്ള ബിസിനസ് ആണ് അവര്‍ ചെയ്യുന്നത്.
 
മധു ട്രെഹാന്‍ : എന്ത് കള്ളക്കടത്താണ് ?
യാക്കൂബ് മേമന്‍ : അതിനെപ്പറ്റി എനിക്കറിയില്ല. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ്.
 
മധു ട്രെഹാന്‍ : ഇത്തരം പ്രവര്‍ത്തനങ്ങളെപ്പറ്റി നിങ്ങള്‍ക്ക് എന്ത് ബോധ്യമുണ്ട് ?
യാക്കൂബ് മേമന്‍ : പിന്നീട് എനിക്ക് തൗഫീഖുമായി നല്ല ബന്ധമുണ്ടായിരുന്നു.
 
മധു ട്രെഹാന്‍ : നിങ്ങള്‍ക്ക് ടൈഗറുമായി നല്ല ബന്ധമില്ലായിരുന്നോ ?
യാക്കൂബ് മേമന്‍ : ഇല്ല, ടൈഗറുമായി ഞാന്‍ അധികം സംസാരിക്കാറില്ലായിരുന്നു.
 
മധു ട്രെഹാന്‍ : പക്ഷേ നിങ്ങള്‍ ഒരു വീട്ടിലായിരുന്നല്ലോ താമസം ?
യാക്കൂബ് മേമന്‍ : അതെ, കുട്ടിക്കാലം മുതല്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നു താമസം.
 
മധു ട്രെഹാന്‍ : പാകിസ്ഥാനില്‍ നിങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതാരാണ് ?
യാക്കൂബ് മേമന്‍ : ടൈഗറും തൗഫീഖും.
 
മധു ട്രെഹാന്‍ : നിങ്ങള്‍ ഒന്നും സമ്പാദിച്ചില്ലേ ?
യാക്കൂബ് മേമന്‍ : ആറുമാസം കഴിഞ്ഞാണ് ഞങ്ങള്‍ സമ്പാദിക്കാന്‍ തുടങ്ങിയത്.
 
മധു ട്രെഹാന്‍ : എന്തു ചെയ്തു ?
യാക്കൂബ് മേമന്‍ : ഞങ്ങള്‍ കണ്‍സ്ട്രക്ഷന്‍ ബിസിനസ് ചെയ്തു. എന്റെ ഇളയ സഹോദരന്‍ അയൂബ് അരി കയറ്റുമതി ബിസിനസ് തുടങ്ങി. എനിക്ക് സഹായം ലഭിച്ചത് തൗഫീഖ് ജാലിയന്‍വാലായില്‍ നിന്നും ടൈഗറില്‍ നിന്നും ആണ്. ടൈഗറില്‍ നിന്നും ആണ് എനിക്ക് കൂടുതല്‍ സഹായം ലഭിച്ചത്.
 
മധു ട്രെഹാന്‍: 1993 ഏപ്രില്‍ 17 മുതല്‍ 29 വരെ താങ്കള്‍ ബാങ്കോക്കിലായിരുന്നു. എന്തിനായിരുന്നു ബാങ്കോക്കിലേക്ക് പോയത് ?
യാക്കൂബ് മേമന്‍ : ഞങ്ങള്‍ ഏപ്രില്‍ 17ന് ബാങ്കോക്കിലേക്ക് പോയി. ആ സമയത്ത് എനിക്ക് എല്ലാം മനസിലായി. മുംബൈ സ്‌ഫോടനത്തെപ്പറ്റി എനിക്ക് ഒരു സൂചനയും ലഭിച്ചിരുന്നില്ല. കറാച്ചിയില്‍ എത്തിയതിന് ശേഷം മാത്രമാണ് മുംബൈ സ്‌ഫോടനത്തിന് പിന്നിലെ ഗൂഡാലോചനയെപ്പറ്റി അറിയുന്നത്.
 
മധു ട്രെഹാന്‍ : ബാങ്കോക്കില്‍ ആര്‍ക്കൊപ്പമാണ് പോയത് ?
യാക്കൂബ് മേമന്‍ : ക്യാപ്റ്റന്‍ സവര്‍ ആണ് ബാങ്കോക്കിലേക്ക് ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നത്. പാകിസ്ഥാന്‍ സര്‍ക്കാരിലെ ഉദ്യോഗസ്ഥന്‍ ആയിരുന്നു അയാള്‍.
 
മധു ട്രെഹാന്‍ : അയാളുടെ പേര് എന്താണ് ?
യാക്കൂബ് മേമന്‍ : അയാള്‍ പറഞ്ഞ പേര് ഉസ്മാന്‍ എന്നാണ്. ക്യാപ്റ്റന്‍ സവര്‍ എന്നാണ് പേരെന്ന് പിന്നീട് ഞാന്‍ തിരിച്ചറിഞ്ഞു.
 
മധു ട്രെഹാന്‍ : ബാങ്കോക്കില്‍ എവിടെയാണ് താമസിച്ചിരുന്നത്
യാക്കൂബ് മേമന്‍ : ബാങ്കോക്കില്‍ പട്ടായ റോഡിലെ ഒരു ബംഗ്ലാവിലാണ് താമസിച്ചത്.
 
മധു ട്രെഹാന്‍ : ഹോട്ടലില്‍ നിങ്ങള്‍ താമസിച്ചില്ലേ ?
യാക്കൂബ് മേമന്‍ : കുടുംബാംഗങ്ങളില്‍ ചിലര്‍ 16ന് എത്തിയിരുന്നു. ഹോട്ടല്‍ ഇന്ദ്ര റീജന്‍സിയിലായിരുന്നു താമസം. ഞാന്‍ 17ന് ആണ് കുടുംബത്തോടൊപ്പം ചേര്‍ന്നത്. പിന്നീടാണ് ഞങ്ങള്‍ പട്ടായ റോഡിലെ ബംഗ്ലാവിലേക്ക് താമസം മാറിയത്. 29 വരെ ഞങ്ങള്‍ അവിടെ ഉണ്ടായിരുന്നു.
 
മധു ട്രെഹാന്‍ : ബാങ്കോക്കില്‍ നിങ്ങളുടെ ചെലവുകള്‍ നോക്കിയത് ആരാണ് ?
യാക്കൂബ് മേമന്‍ : പാകിസ്ഥാനി ഉദ്യോഗസ്ഥരാണ് സഹായിച്ചത് എന്നാണ് ഞാന്‍ കരുതുന്നത്.
 
മധു ട്രെഹാന്‍: പാകിസ്ഥാനിലേക്ക് തിരിച്ചു പോകുമ്പോള്‍ നിങ്ങളുടെ താമസത്തിനായി എന്തുചെയ്തു ?
യാക്കൂബ് മേമന്‍ : പാകിസ്ഥാനിലേക്ക് തിരിച്ച് ചെല്ലുമ്പോള്‍ കറാച്ചിയില്‍ ആസിഫാണ് ഞങ്ങളെ സ്വീകരിച്ചതും വീട്ടിലേക്ക് കൊണ്ടുപോയതും. പാകിസ്ഥാനി പാസ്‌പോര്‍ട്ടിലാണ് ഞങ്ങള്‍ തിരിച്ചുപോകുന്നത്. പ്രതിരോധ അതോറിറ്റിയുടെ അധീനതയിലുള്ള വീട്ടിലേക്കാണ് പോയത്. അനുജനായ അയൂബും ഭാര്യയും ഉള്‍പ്പടെയുള്ള ചില കുടുംബാംഗങ്ങള്‍ നേരത്തെ കറാച്ചിയില്‍ എത്തിയിരുന്നു.
 
മധു ട്രെഹാന്‍ : കറാച്ചിയില്‍ തിരിച്ചെത്തിയ ശേഷം നിങ്ങള്‍ ഭൂമി വാങ്ങിയോ ?
യാക്കൂബ് മേമന്‍ : അതെ. കറാച്ചി വികസന പദ്ധതിയുടെ കുറച്ച് ഭൂമി തൗഫീഖും ടൈഗറും ചേര്‍ന്ന് വാങ്ങിത്തന്നു.
 
മധു ട്രെഹാന്‍ : അത് എത്ര ഭൂമിയുണ്ടായിരുന്നു ?
യാക്കൂബ് മേമന്‍ : അത് കുറേ സ്ഥലം ഉണ്ടായിരുന്നു. ഏകദേശം ആയിരം യാര്‍ഡ്.
 
മധു ട്രെഹാന്‍ : എത്ര വില വരും
യാക്കൂബ് മേമന്‍ : അറുപത് ലക്ഷം രൂപയ്ക്കടുത്ത്.
 
മധു ട്രെഹാന്‍ : ആരാണ് പണം നല്‍കിയത് ?
യാക്കൂബ് മേമന്‍ : ടൈഗര്‍. പണം എല്ലാം നല്‍കിയത് ടൈഗറും തൗഫീഖും കൂടിയാണ്.
 
മധു ട്രെഹാന്‍ : താങ്കള്‍ ടൈഗറിന് പണം നല്‍കിയിരുന്നോ ?
യാക്കൂബ് മേമന്‍ : ഇല്ല, ഒരിക്കലുമില്ല
 
മധു ട്രെഹാന്‍ : ബോംബെയിലും ?
യാക്കൂബ് മേമന്‍ : ഇല്ല, ഒരിക്കലുമില്ല. പാകിസ്ഥാനിലും ഇല്ല.
 
മധു ട്രെഹാന്‍ : പാകിസ്ഥാനില്‍ തൗഫീഖുമായി ചേര്‍ന്ന് താങ്കള്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി തുടങ്ങിയില്ലേ?
യാക്കൂബ് മേമന്‍ : ഇല്ല. നോക്കൂ, ബാങ്കോക്കില്‍ നിന്ന് തിരിച്ച് വരുമ്പോള്‍ മുംബൈ സ്‌ഫോടനത്തിന്റെ ഉള്ളറകളിലേക്ക് പോകണമെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. എങ്ങനെയാണ് സ്‌ഫോടനം നടന്നത് ? ഇതിന് പിന്നില്‍ ആരൊക്കെയാണ് പ്രവര്‍ത്തിച്ചത് ? ആരാണ് ഇതിനു പിന്നില്‍ ?
 
മധു ട്രെഹാന്‍ : പാകിസ്ഥാന്‍ താങ്കള്‍ക്ക് കൂടുതല്‍ സുഖകരമായിരുന്നോ ?
യാക്കൂബ് മേമന്‍ : അതെ. സുഖകരമായിരുന്നു.
 
മധു ട്രെഹാന്‍ : നിങ്ങള്‍ പാകിസ്ഥാനില്‍ താമസിച്ചത് നല്ല ഒരു വീട്ടിലായിരുന്നു.
യാക്കൂബ് മേമന്‍ : അതെ
 
മധു ട്രെഹാന്‍ : നല്ല നിലയിലാണ് നിങ്ങളെ പാകിസ്ഥാനില്‍ പുനരധിവസിപ്പിച്ചത്.
യാക്കൂബ് മേമന്‍ : അതെ
 
മധു ട്രെഹാന്‍ : പാകിസ്ഥാന്‍ എല്ലാ സഹായവും ചെയ്‌തോ
യാക്കൂബ് മേമന്‍ : ചെയ്തു.
 
മധു ട്രെഹാന്‍ : പാകിസ്ഥാന്‍ നിങ്ങള്‍ക്ക് പുതിയ ഒരു ഐഡന്റിറ്റി നല്‍കിയില്ലേ
യാക്കൂബ് മേമന്‍ : അതെ.
 
മധു ട്രെഹാന്‍ : സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് മുതല്‍ പാസ്‌പോര്‍ട്ട് വരെ നല്‍കി.
യാക്കൂബ് മേമന്‍ : അതെ.
 
മധു ട്രെഹാന്‍ : പാകിസ്ഥാന്‍ ഇതൊക്കെ എന്തിനാണ് നിങ്ങള്‍ക്ക് ചെയ്തു തന്നത്.
യാക്കൂബ് മേമന്‍ : മുംബൈ സ്‌ഫോടനത്തിന് പിന്നില്‍ പാകിസ്ഥാന്റെ ഏജന്റുമാര്‍ ഉണ്ടായിരുന്നു.
 
മധു ട്രെഹാന്‍ : അതിന് പാകിസ്ഥാന്‍ എന്തിന് നിങ്ങളെ സഹായിക്കണം ?
യാക്കൂബ് മേമന്‍ : അവരെ സംബന്ധിച്ച് ഞങ്ങള്‍ ടൈഗര്‍ മേമന്റെ കുടുംബം ആയതുകൊണ്ട്. ടൈഗറിനെ പാകിസ്ഥാന്‍ സഹായിച്ചിരുന്നു.
 
മധു ട്രെഹാന്‍: നിങ്ങള്‍ ടൈഗറിനെ പിന്തുണച്ചിരുന്നു.
യാക്കൂബ് മേമന്‍ : ഇല്ല
 
മധു ട്രെഹാന്‍ : പിന്നെന്തിന് നിങ്ങളെ പാകിസ്ഥാന്‍ സഹായിക്കണം ?
യാക്കൂബ് മേമന്‍ : ടൈഗറിന്റെ കുടുംബം ഇന്ത്യയിലാണ്. അവരെ പാകിസ്ഥാനിലേക്ക് കൊണ്ടുപോകണം എന്ന് ടൈഗര്‍ ആവശ്യപ്പെട്ടിരുന്നു.
 
മധു ട്രെഹാന്‍ : നിങ്ങള്‍ എന്താണ് എതിര്‍ക്കാതിരുന്നത്
യാക്കൂബ് മേമന്‍ : ആ സമയത്ത് എനിക്ക് മറ്റ് മാര്‍ഗമില്ലായിരുന്നു. ജീവിതം മാത്രമാണ് നോക്കിയത്. അച്ഛനും അമ്മയും അനുജന്മാരും. ജീവിതം നല്ല അവസ്ഥയിലായിരുന്നില്ല.
 
മധു ട്രെഹാന്‍ : പാകിസ്ഥാന്‍ ഏജന്റുമാര്‍ താങ്കളെ സഹായിച്ചിരുന്നോ
യാക്കൂബ് മേമന്‍ : ഞങ്ങള്‍ അവരുടെ ഭാഗമായി നിന്നില്ല. സാഹചര്യങ്ങള്‍ ആവശ്യപ്പെട്ടത് മാത്രമാണ് ഞങ്ങള്‍ ചെയ്തത്.
 
മധു ട്രെഹാന്‍ : പക്ഷേ നിങ്ങളൊരു കുട്ടിയല്ല.
യാക്കൂബ് മേമന്‍ : അങ്ങനെയല്ല കാര്യങ്ങള്‍, ഞാന്‍ എന്റെ കുടുംബത്തിനൊപ്പം ആയിരുന്നു ആ സമയത്ത്.
 
മധു ട്രെഹാന്‍ : നിങ്ങള്‍ പാകിസ്ഥാനിലേക്ക് പോയി, പാകിസ്ഥാന്‍ സര്‍ക്കാര്‍ നല്‍കിയ ആനുകൂല്യങ്ങള്‍ നേടി.
യാക്കൂബ് മേമന്‍ : അത് മറ്റൊരു കഥയാണ്. എനിക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയണമായിരുന്നു.
 
മധു ട്രെഹാന്‍ : നിങ്ങള്‍ എന്തിന് 2 പാസ്‌പോര്‍ട്ട് കൈവശം വയ്ക്കുന്നു
യാക്കൂബ് മേമന്‍ : അവര്‍ എനിക്ക് പാസ്‌പോര്‍ട്ട് തന്നു.
 
മധു ട്രെഹാന്‍ : ആരെങ്കിലും നിങ്ങളെ നിര്‍ബന്ധിച്ചോ
യാക്കൂബ് മേമന്‍ : അതെ, എല്ലാവരും എന്നെ നിര്‍ബന്ധിച്ചു. ഞാന്‍ അപകടകാരിയല്ല എന്ന് അവര്‍ക്ക് തോന്നിയത് കൊണ്ടാണ് അവര്‍ എനിക്ക് പാസ്‌പോര്‍ട്ട് തന്നത്.
 
മധു ട്രെഹാന്‍ : സ്‌ഫോടനത്തില്‍ ടൈഗറിന്റെ പങ്കിനെപ്പറ്റി താങ്കള്‍ക്ക് എപ്പോഴാണ് അറിഞ്ഞത്.
യാക്കൂബ് മേമന്‍ : കറാച്ചിയിലെത്തിയ ശേഷം ടൈഗറുമായി ഞാന്‍ ഏറെ സംസാരിച്ചു. എന്തിനാണ് ഞങ്ങളെ കറാച്ചിയില്‍ എത്തിച്ചത് എന്നതിനെപ്പറ്റി.
 
മധു ട്രെഹാന്‍ : എന്നായിരുന്നു അത് ?
യാക്കൂബ് മേമന്‍ : 1993 മാര്‍ച്ച് 20നാണ് ടൈഗര്‍ എല്ലാക്കാര്യങ്ങളും എന്നോട് പറഞ്ഞത്. തൗഫീഖിന്റെ കറാച്ചിയിലെ വീട്ടില്‍ താമസിക്കുമ്പോഴാണത്.
 
മധു ട്രെഹാന്‍ :അതായത് മുംബൈ സ്‌ഫോടനത്തിന് 10 ദിവസങ്ങള്‍ക്ക് ശേഷം?
യാക്കൂബ് മേമന്‍ : അതെ, സ്‌ഫോടനത്തിന് 10 ദിവസങ്ങള്‍ക്ക് ശേഷം.
 
മധു ട്രെഹാന്‍ :10 ദിവസങ്ങള്‍ക്ക് ശേഷം താങ്കള്‍ എന്തുകൊണ്ട് ഇന്ത്യയിലേക്ക് തിരിച്ചു വന്നില്ല ?
യാക്കൂബ് മേമന്‍ : ആ സമയത്ത് അത് അസാധ്യമായിരുന്നു.
 
മധു ട്രെഹാന്‍ : മാതൃരാജ്യത്തോട് നിങ്ങള്‍ക്ക് എന്ത് കൂറാണുള്ളത്. പാകിസ്ഥാന്റെ ആതിഥ്യം സ്വീകരിച്ച്, അവരുടെ പാസ്‌പോര്‍ട്ടും നേടി
യാക്കൂബ് മേമന്‍ : അതെ
 
മധു ട്രെഹാന്‍ : നിങ്ങളുടെ കുടുംബം എല്ലാ സുഖസൗകര്യങ്ങളും നേടി.
യാക്കൂബ് മേമന്‍ : അതെ
 
മധു ട്രെഹാന്‍ : നിങ്ങള്‍ പറയുന്നത് ഒരാളും വിശ്വസിക്കില്ല. നിങ്ങള്‍ പലതും മറച്ചു വയ്ക്കുന്നു. എല്ലാ സുഖസൗകര്യങ്ങളും നേടിയ ശേഷം നിങ്ങള്‍ നിരപരാധിയാണെന്ന് ജനങ്ങള്‍ വിശ്വസിക്കണമെന്നാണോ.
യാക്കൂബ് മേമന്‍ : ജനങ്ങള്‍ വിശ്വസിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ എന്താണ് നടന്നതെന്ന് സംബന്ധിച്ച വസ്തുതകള്‍ എനിക്ക് പറയണം.
 
മധു ട്രെഹാന്‍ : എല്ലാ വസ്തുതകളും അറിഞ്ഞ ശേഷം ജനങ്ങള്‍ തീരുമാനിക്കും. നിങ്ങളുടെ ഇരട്ട മുഖം ഉള്‍പ്പടെയുള്ളവ എല്ലാം. നിങ്ങളെന്താണ് ഇന്ത്യയിലേക്ക് തിരിച്ചു വരാതിരുന്നത്. ഒരു വീട്ടിലിരുന്ന് നിങ്ങള്‍ എങ്ങനെ ബിസിനസ് നടത്തി
യാക്കൂബ് മേമന്‍ : ഇതാണ് തിരിച്ച് വരാനുള്ള ശരിയായ സമയം. അതുകൊണ്ടാണ് വന്നത്.
 
മധു ട്രെഹാന്‍ : പക്ഷേ ഇതെത്രനാള്‍
യാക്കൂബ് മേമന്‍ : തിരിച്ചു വരാനായി പത്ത് വര്‍ഷം കാത്തിരിക്കാനും ഞാന്‍ തയ്യാറായിരുന്നു. 
 
മധു ട്രെഹാന്‍ : താങ്കള്‍ പാകിസ്ഥാനിലെ ജീവിതം ആസ്വദിച്ചിരുന്നില്ലേ?
യാക്കൂബ് മേമന്‍: ആ ജീവിതം ഞാന്‍ ആസ്വദിച്ചിരുന്നെങ്കില്‍ പിന്നെ എന്തിന് തിരിച്ചു വരണം. എനിക്ക് തിരിച്ചുവന്ന് ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം. സ്‌ഫോടനത്തിന് പിന്നില്‍ മേമന്‍ കുടുംബമല്ല. പക്ഷേ സ്ഫോടനത്തിനു പിന്നില്‍ ആരാണെന്ന് പറയണമായിരുന്നു. പാകിസ്ഥാനെപ്പറ്റി എല്ലാം എനിക്ക് പറയണം.
 
മധു ട്രെഹാന്‍ : ടൈഗറിന് പങ്കുണ്ടെന്നറിഞ്ഞിട്ടും താങ്കള്‍ തിരിച്ചറിഞ്ഞിട്ടും സ്ഫോടനം നടന്നതിനു ശേഷം താങ്കള്‍ ഇന്ത്യയിലേക്ക് തിരിച്ചു വരാതിരുന്നതെന്താണ് ?
 
യാക്കൂബ് മേമന്‍ : ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ സാഹചര്യങ്ങള്‍ എന്നെ അനുവദിച്ചില്ല. 
 
മധു ട്രെഹാന്‍ : പക്ഷേ പാകിസ്ഥാനില്‍ ബിസിനസ് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ താങ്കള്‍ ഏര്‍പ്പെട്ടു. വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ പങ്കെടുത്തു. സാമൂഹ്യമായി ഇടപെട്ടു
 
യാക്കൂബ് മേമന്‍ : ഞാന്‍ വിവാഹങ്ങളില്‍ പങ്കെടുത്തിട്ടില്ല. പാകിസ്ഥാനില്‍ തൗഫീഖിന്റെ വീട്ടില്‍ മാത്രമാണ് പോയത്.
 
മധു ട്രെഹാന്‍ : ടൈഗറുമായി പാകിസ്ഥാന്‍ എങ്ങനെയാണ് ബന്ധം സ്ഥാപിച്ചത് എങ്ങനെയാണെന്ന് അറിയാമോ
യാക്കൂബ് മേമന്‍ : ജനുവരിയിലെ കലാപത്തിന് ശേഷമാണെന്ന് ഞാന്‍ കരുതുന്നു.
 
മധു ട്രെഹാന്‍ : അതിനെപ്പറ്റി താങ്കള്‍ അറിഞ്ഞിരുന്നില്ലേ
യാക്കൂബ് മേമന്‍ : പാകിസ്ഥാനിലെത്തി ഒന്നര വര്‍ഷത്തിന് ശേഷമാണ് ഞാന്‍ ഇതൊക്കെ അറിയുന്നത്.
 
മധു ട്രെഹാന്‍ : എന്താണ് ചെയ്യാന്‍ തീരുമാനിച്ചത് എന്ന് ടൈഗര്‍ പറഞ്ഞിരുന്നോ
യാക്കൂബ് മേമന്‍ : ഇല്ല, ഒരിക്കലുമില്ല. എന്താണ് തീരുമാനിച്ചത് എന്നതിനെപ്പറ്റി ടൈഗര്‍ പറഞ്ഞിരുന്നില്ല. എന്തെങ്കിലും ബന്ധം അറിഞ്ഞിരുന്നെങ്കില്‍ അങ്ങനെ ചെയ്യാന്‍ സമ്മതിക്കില്ലായിരുന്നു.
 
മധു ട്രെഹാന്‍ : സാധാരണ ജീവിതത്തില്‍ നിന്നും നിന്നും സാമ്പത്തികമായി ഉണ്ടായ വലിയ മാറ്റത്തെ എങ്ങനെ കരുതുന്നു
യാക്കൂബ് മേമന്‍ : എവിടെയാണ് വലിയ സാമ്പത്തിക മാറ്റമുണ്ടായത്. 12 പേരുള്‍പ്പെടുന്ന വലിയ കുടുംബത്തിന് താമസിക്കാന്‍ 5 മുറികള്‍ ഉള്‍പ്പെടുന്ന ഫ്ലാറ്റ് വലുതാണോ. ഞങ്ങള്‍ അഞ്ചു പേര്‍ 1978മുതല്‍ പണിയെടുക്കുന്നു.
 
മധു ട്രെഹാന്‍ : ടൈഗറിന് എവിടെയായിരുന്നു ജോലി
യാക്കൂബ് മേമന്‍ : 1978ല്‍ ജോലിക്കു കയറിയ ടൈഗര്‍, മേമന്‍ സഹകരണ ബാങ്കില്‍ മൂന്നു നാല് വര്‍ഷം ക്‌ളാര്‍ക്ക് ആയിരുന്നു. പിന്നെ മനീഷ് മാര്‍ക്കറ്റില്‍ ഇലക്ട്രോണിക്‌സ് കട നടത്തി
 
മധു ട്രെഹാന്‍ : ടൈഗറിന്റെ മറ്റ് സാമ്പത്തിക സ്രോതസ്സുകള്‍ ഏതൊക്കെയായിരുന്നു
യാക്കൂബ് മേമന്‍ : കള്ളക്കടത്ത് ഉള്‍പ്പടെയുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളിലായിരുന്നു ടൈഗര്‍.
 
മധു ട്രെഹാന്‍ : ടൈഗറിന്റെ അധോലോക പ്രവര്‍ത്തനങ്ങളെപ്പറ്റി മുംബൈയ്ക്ക് അറിയാം. പക്ഷേ ഒരു വീട്ടില്‍ താമസിച്ചിട്ടും താങ്കള്‍ക്ക് ഒന്നും അറിയില്ല.
യാക്കൂബ് മേമന്‍ : 1990 മുതലാണ് ഞങ്ങള്‍ കാര്യങ്ങള്‍ അറിയുന്നത്.
 
മധു ട്രെഹാന്‍ : ടൈഗറിന്റെ വീട്ടില്‍ താമസിച്ചിട്ടും താങ്കള്‍ക്ക് ഒന്നും അറിയില്ലായിരുന്നോ
യാക്കൂബ് മേമന്‍ : ഇല്ല, ഇല്ല. 1990 മുതല്‍ മാത്രമാണ് ഞങ്ങള്‍ ടൈഗറിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി അറിയുന്നത്.
 
മധു ട്രെഹാന്‍ : ഏറ്റവും പ്രധാനപ്പെട്ട കാര്യം ടൈഗറിന്റെ വീട്ടില്‍ താമസിച്ചിട്ടും താങ്കള്‍ക്ക് ഒന്നും അറിയില്ലായിരുന്നു എന്നാണ്. ഇന്ത്യയിലുള്ള ഓരോരുത്തര്‍ക്കും ടൈഗര്‍ മേമനെ അറിയാം.
യാക്കൂബ് മേമന്‍ : എപ്പോള്‍ മുതല്‍ അറിയാം. പറയൂ.
 
മധു ട്രെഹാന്‍ : കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നുണ്ട്.
യാക്കൂബ് മേമന്‍ : ഇല്ല. 1990 മുതല്‍ മാത്രമാണ് വാര്‍ത്തകള്‍ വരുന്നത്. പ്രത്യേകിച്ച് മുംബൈ സ്‌ഫോടനത്തിന് ശേഷം മാത്രം.
 
മധു ട്രെഹാന്‍ : അതിന് മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു.
യാക്കൂബ് മേമന്‍ : അല്ല. അതിന് മുന്‍പ് ടൈഗര്‍ മനീഷ് മാര്‍ക്കറ്റില്‍ ഇലക്ട്രോണിക്‌സ് ഷോപ്പ് നടത്തുകയായിരുന്നു. അതെനിക്ക് ബോധ്യപ്പെട്ടിരുന്നു.
 
മധു ട്രെഹാന്‍ : മുംബെയിലെ ഒരാളും താങ്കള്‍ പറയുന്നത് വിശ്വസിക്കില്ല.
യാക്കൂബ് മേമന്‍ : ഞാനും കുടുംബവും 1978 മുതല്‍ ജോലിയുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു.
 
മധു ട്രെഹാന്‍ : ജോലി വിടാനുള്ള തീരുമാനം ഏത് സാഹചര്യത്തിലായിരുന്നു
യാക്കൂബ് മേമന്‍ : കാര്യങ്ങള്‍ വളരെ ബുദ്ധിമുട്ടാണെന്ന് മാര്‍ച്ച് ആദ്യം തന്നെ ടൈഗര്‍ എന്നോട് പറഞ്ഞു. അവര്‍ ഓഫീസ് നശിപ്പിച്ചു. ടൈഗര്‍ പറഞ്ഞത് അത്ര നല്ല അവസ്ഥയില്ല. നമുക്ക് ഇവിടെനിന്ന് പോകണം. കുറച്ച് ദിവസത്തേക്ക് ദുബായിലേക്ക് മാറി നില്‍ക്കാന്‍ ഞങ്ങളോട് ടൈഗര്‍ പറഞ്ഞു. ആദ്യം ഞാന്‍ എതിര്‍ത്തു. ടൈഗര്‍ നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ സമ്മതിച്ചു.
 
മധു ട്രെഹാന്‍ : ദുബായിലേക്ക് പോകാന്‍ ടൈഗര്‍ നിര്‍ബന്ധിച്ചത് എന്തിനാണ്
യാക്കൂബ് മേമന്‍ : ടൈഗറാണ് കാര്യങ്ങള്‍ ചെയ്തത്. അതുകൊണ്ട് തന്നെ.
 
മധു ട്രെഹാന്‍ : ടൈഗറിന് പോയാല്‍ പോരേ, നിങ്ങളെന്തിനാണ് പോകുന്നത്
യാക്കൂബ് മേമന്‍ : ടൈഗറിന് എല്ലാത്തിലും പങ്കുണ്ടായിരുന്നു
 
മധു ട്രെഹാന്‍ : മുംബൈ സ്‌ഫോടനത്തിന് പിന്നില്‍ വേറെ ആരൊക്കെ ഉണ്ടായിരുന്നു. താങ്കള്‍ക്ക് അറിയാമോ
യാക്കൂബ് മേമന്‍ : പാകിസ്ഥാനില്‍ ഉണ്ടായിരുന്നത് കൊണ്ട് എനിക്കറിയാം. പാകിസ്ഥാന്റെ സഹായത്തോടെ തൗഫീഖ് ജാലിയന്‍വാലായും ഐഎസ്‌ഐയും ആയിരുന്നു സ്‌ഫോടനത്തിന്റെ സൂത്രധാരന്മാര്‍. സ്‌ഫോടനം നടത്താനുള്ള ചുമതല ടൈഗറിനായിരുന്നു. ടൈഗറിന്റെ ആള്‍ക്കാര്‍ക്ക് പരിശീലനം നല്‍കിയത് ഐഎസ്‌ഐ ആയിരുന്നു.
 
മധു ട്രെഹാന്‍ : ഇന്ത്യയില്‍ നിന്ന് മറ്റാരൊക്കെ
യാക്കൂബ് മേമന്‍: അതിനെപ്പറ്റി എനിക്കറിയില്ല.
 
മധു ട്രെഹാന്‍ : പാകിസ്ഥാനില്‍ നിന്ന് വേറെ ആരൊക്കെയുണ്ടായിരുന്നു 
യാക്കൂബ് മേമന്‍ : അത് അറിയില്ല. പക്ഷേ എനിക്ക് ഉറപ്പാണ്, തൗഫീഖ് ജാലിയന്‍വാല പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഏജന്റായിരുന്നു.
 
മധു ട്രെഹാന്‍ : തൗഫീഖ് ജാലിയന്‍വാല താങ്കളോട് എന്താണ് പറഞ്ഞത്
യാക്കൂബ് മേമന്‍: സ്‌ഫോടനത്തിന് വേണ്ട ആയുധങ്ങള്‍ നല്‍കിയത് താനാണെന്ന് തൗഫീഖ് ജാലിയന്‍വാല പറഞ്ഞു. സ്‌ഫോടനത്തിനുള്ള സ്ഥലങ്ങള്‍ തീരുമാനിച്ചതും താനാണെന്ന് ജാലിയന്‍വാല പറഞ്ഞു. ടൈഗറുമായി ചേര്‍ന്ന് സ്‌ഫോടനങ്ങള്‍ നടത്തിയത് താനാണെന്ന് തൗഫീഖ് പറഞ്ഞു
 
മധു ട്രെഹാന്‍ : എന്താണ് സംഭവിച്ചതെന്നറിയാന്‍ താങ്കള്‍ 93 മാര്‍ച്ച് മുതല്‍ കാത്തിരുന്നു
യാക്കൂബ് മേമന്‍: അതെ. തുടക്കം മുതല്‍ എന്റെ സഹോദരനുമായി ഞാന്‍ നല്ല സൗഹൃദത്തില്‍ ആയിരുന്നില്ല.
 
മധു ട്രെഹാന്‍ : സൗഹൃദത്തില്‍ ആയിരുന്നില്ലെങ്കില്‍ പിന്നെന്തിന് ടൈഗറുമൊത്ത് പാകിസ്ഥാനില്‍ പോയി
യാക്കൂബ് മേമന്‍: എന്റെ കുടുംബത്തിന് വേണ്ടിയാണ്, ടൈഗറിന് വേണ്ടിയല്ല പോയത്.
 
മധു ട്രെഹാന്‍ : നിങ്ങള്‍ അയാളോട് സംസാരിച്ചില്ലെങ്കില്‍, നിങ്ങള്‍ക്ക് വിയോജിക്കാമായിരുന്നു.
യാക്കൂബ് മേമന്‍ : ഞാന്‍ ടൈഗറിനൊപ്പമല്ല, കുടുംബത്തിനൊപ്പമാണ് പോയത്. സാഹചര്യം നല്ലതല്ലെന്ന് ടൈഗര്‍ എന്നോട് ഉപദേശിച്ചു. ഞാന്‍ ടൈഗറിനെ അനുസരിക്കുകയായിരുന്നില്ല
 
മധു ട്രെഹാന്‍ : സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ട ജാവേദ് ചിക്‌നയേയും ഐജാസ് പത്താനേയും അറിയാമോ
യാക്കൂബ് മേമന്‍: ജാവേദ് ചിക്‌നയെപ്പറ്റി കേട്ടിട്ടുണ്ട്. അയാള്‍ പാകിസ്ഥാനിയാണ്.
 
മധു ട്രെഹാന്‍ : ഐജാസ് പത്താന്‍
യാക്കൂബ് മേമന്‍ : ഐജാസ് പത്താനും പാകിസ്ഥാനിയാണ്.
 
മധു ട്രെഹാന്‍ : ജാവേദ് ചിക്‌നയേയും ഐജാസ് പത്താനേയും കണ്ടിട്ടുണ്ടോ
യാക്കൂബ് മേമന്‍ : ജാവേദ് ചിക്‌നയേയും ഐജാസ് പത്താനേയും ഞാന്‍ കണ്ടിട്ടില്ല. എനിക്ക് അവരെപ്പറ്റി അറിവ് മാത്രമാണ് ഉള്ളത്
 
മധു ട്രെഹാന്‍ : എന്ത് അറിവ്
യാക്കൂബ് മേമന്‍ : ടൈഗറിന്റെ ഡ്രൈവറില്‍ നിന്നാണ് ഞാന്‍ കാര്യങ്ങള്‍ അറിഞ്ഞത്. വിവരങ്ങള്‍ അറിയുന്നതിനു വേണ്ടി ഞാന്‍ അയാളുമായി സൌഹൃദം ഉണ്ടാക്കിയിരുന്നു.
 
മധു ട്രെഹാന്‍ : ജാവേദ് ചിക്‌നയും ഐജാസ് പത്താനും ഇപ്പോ!ഴും പാകിസ്ഥാനിലുണ്ടോ
യാക്കൂബ് മേമന്‍ : അവര്‍ ഇപ്പോഴും പാകിസ്ഥാനിലാണ്, അവര്‍ക്ക് ഇപ്പോ!ഴും പാകിസ്ഥാന്റെ പാസ്‌പോര്‍ട്ടുണ്ട്. ടൈഗറിന്റെ ആളുകള്‍ തൗഫീഖിന്റെ ബംഗ്ലാവിലാണ് താമസം
 
മധു ട്രെഹാന്‍ : എത്ര ഇന്ത്യക്കാെര പാകിസ്ഥാന്‍ പുനരധിവസിപ്പിച്ചിട്ടുണ്ട്
യാക്കൂബ് മേമന്‍ : ടൈഗറിന്റെ എട്ട് പത്ത് പേരെ പുനരധിവസിപ്പിച്ചിട്ടുണ്ട്.
 
മധു ട്രെഹാന്‍ : ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലുണ്ടോ
യാക്കൂബ് മേമന്‍ : എനിക്കറിയില്ല. തൗഫീഖ് പറയുന്നത് ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലുണ്ടെന്നാണ്. ജീവിതത്തില്‍ ഇന്ന് വരെ ഞാന്‍ ദാവൂദ് ഇബ്രാഹിമിനെ കണ്ടിട്ടില്ല.
 
കടപ്പാട് : ന്യൂസ് ട്രാക്ക്, മധു ട്രെഹാന്‍, ന്യൂസ് ട്രാക്ക്
പരിഭാഷയ്ക്ക് കടപ്പാട്: ശ്യാം ദേവരാജ്‌, കൈരളി ന്യൂസ് ഓണ്‍ലൈന്‍