യാക്കൂബ് മേമന്റെ ഭാര്യയെ രാജ്യസഭാ എംപിയാക്കണം: സമാജ്‍വാദി പാർട്ടി നേതാവ്

Webdunia
ശനി, 1 ഓഗസ്റ്റ് 2015 (13:17 IST)
1993 ലെ മുംബൈ സ്ഫോടനവുമായി ബന്ധപ്പെട്ട് തൂക്കിലേറ്റിയ പ്രതി യാക്കൂബ് മേമന്റെ ഭാര്യയെ രാജ്യസഭാ എംപിയാക്കണമെന്ന് സമാജ്‍വാദി പാർട്ടി നേതാവ് മുഹമ്മദ് ഫാറൂഖ് ഘോഷി. ഈ കാര്യം ചൂണ്ടിക്കാട്ടി പാർട്ടി അധ്യക്ഷൻ മുലായം സിംഗിന് സമാജ്‍വാദി പാർട്ടിയുടെ മഹാരാഷ്ട്രയിലെ വൈസ് പ്രസിഡന്റ് കൂടിയായ ഫാറൂഖ്  കത്ത് അയക്കുകയും ചെയ്‌തു.

സംഭവം വിവാദമായതോടെ ഫാറൂഖ് ന്യായീകരണങ്ങളുമായി രംഗത്തെത്തി. ശരിയായ സമയത്തായിരുന്നില്ല താന്‍ കത്ത് അയച്ചത്. ഈ സന്ദര്‍ഭം കണക്കിലെടുത്ത് ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ പാടില്ലായിരുന്നു. എന്നാൽ യാക്കൂബിന്റെ ഭാര്യയെ എംപിയാക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്നും  ഫാറൂഖ് വ്യക്തമാക്കി.

1993ൽ ഉണ്ടായ സ്ഫോടനപരമ്പരയിൽ 257 പേർ കൊല്ലപ്പെടുകയും 700 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ യാക്കൂബ് മേമന്റെ സഹോദരൻ ടൈഗർ മേമനും അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനും പങ്കുണ്ടായിരുന്നു. കേസിലെ പ്രതിയായ യാക്കൂബ് മേമനെ വ്യാഴാഴ്ച രാവിലെയാണ് നാഗ്പൂർ ജയിലിൽ വച്ച് തൂക്കിലേറ്റിയത്.