മുംബൈ സ്ഫോടനക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്ന യാക്കൂബ് മേമനെ വെറുതെ വിടണമെന്ന ആവശ്യവുമായി യാക്കൂബിന്റെ ഭാര്യ രാഹിൻ മേമൻ. യക്കൂബ് നിരപരാധിയാണെന്നും യാക്കൂബ് ശിക്ഷിക്കപ്പെട്ടത് അയാളുടെ സഹോദരന്മാരുടെ പാപത്തിനാണെന്നും രാഹിന്‍ പറയുന്നു.
വിചാരണ നേരിടാൻ തയ്യാറായ ഒരു വ്യക്തിക്കാണ് ഇത് സംഭവിച്ചതെന്നതിലാണ് തനിക്ക് ഏറെ സങ്കടമെന്ന് രാഹിൻ പറഞ്ഞു. നമ്മൾ ഇപ്പോഴും ശിലായുഗത്തിലാണോ താമസിക്കുന്നതെന്ന് അവർ ചോദിച്ചു. ഒരു വ്യക്തിയെ 14 വർഷം തടവിൽ പാർപ്പിക്കുക. അതിന് ശേഷം അയാളുടെ സഹോദരന്മാരുടെ പാപത്തിന് അയാളെ മരണശിക്ഷയ്ക്ക് വിധിക്കുക. പേരിനൊപ്പം 'മേമൻ' എന്നുള്ളതിനാലാണ് യാക്കൂബ് തൂക്കിലേറാൻ പോകുന്നതെന്നും ആ സഹനാമമാണ് അദ്ദേഹത്തെ നശിപ്പിച്ചതെന്നും അവർ വ്യക്തമാക്കി.
തനിക്കിതൊരു ദുഃസ്വപ്നമായാണ് തോന്നുന്നതെന്ന് രാഹിൻ പറഞ്ഞു. എന്തായാലും ഇതിനെതിരെ യുദ്ധം ചെയ്യാൻ താൻ തീരുമാനിച്ചു. തനിക്ക് അല്ലാഹുവിലും നിയമവ്യവസ്ഥയിലും വിശ്വാസമുണ്ട്. തങ്ങളുടെ മകളുടെ മേൽ ആണയിട്ടാണ് മേമൻ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞത്. മേമൻ തെറ്റ് ചെയ്തിരുന്നു എങ്കിൽ താൻ എത്രയോ മുന്പേ അയാളെ ഉപേക്ഷിക്കുമായിരുന്നു എന്നും രാഹിൻ വ്യക്തമാക്കി.