ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തിലുള്ള ‘ആര്‍ട്ട് ഓഫ് ലിവിംഗ്’ സംഘടിപ്പിക്കുന്ന ലോകസാംസ്കാരികോത്സവത്തിന് യമുന നദിക്കരയില്‍ തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോഡി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാംസ്കാരികോത്സവത്തിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ പ്രധാനമന്ത്രി ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. പരസ്പരം വിമര്‍ശിച്ചു കൊണ്ടിരുന്നാല്‍ ലോകം നമ്മളെ എങ്ങനെ നോക്കി കാണുമെന്ന് അദ്ദേഹം ചോദിച്ചു. ഡല്‍ഹിയില്‍ നടക്കുന്ന പരിപാടി കലയുടെ കുംഭമേളയാണെന്നും അദ്ദേഹം പറഞ്ഞു.
വൈവിധ്യങ്ങള്‍ നിറഞ്ഞ രാജ്യമാണ് ഇന്ത്യയെന്നും ലോകത്തിന് ഒരുപാട് സംഭാവനകള്‍ നല്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകം മുഴുവന്‍ നോക്കുന്ന സാംസ്കാരിക പാരമ്പര്യം നമുക്കുണ്ട്. ശ്രീ ശ്രീ രവിശങ്കറിന്റെ ലക്‌ഷ്യം ലോകം മുഴുവന്‍ വ്യാപിച്ചുകഴിഞ്ഞു. ജീവനകലയിലൂടെ ലോകരാജ്യങ്ങള്‍ ഇന്ത്യയെ അറിഞ്ഞുകഴിഞ്ഞെന്നും പ്രധാനമന്ത്രി ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു.