വനിത എസ്‌ഐയെ നഗരവാസികള്‍ തടഞ്ഞ്‌ വച്ചു

തിങ്കള്‍, 5 മെയ് 2014 (16:10 IST)
മദ്യം കഴിച്ച് വാഹനമോടിക്കുകയും മറ്റ് യാത്രികരെ അസഭ്യം പറയുകയും ഒപ്പം മര്‍ദ്ദിക്കുകയും ചെയ്ത വനിത സബ്‌ ഇന്‍സെപ്ക്ടറെ നഗരവാസികള്‍ തടഞ്ഞുവച്ചു. വടക്കന്‍ ഡല്‍ഹിയിലാണ് സംഭവം.
 
സബ് ഇന്‍സ്പെക്ടര്‍ അനുവിനെയും സഹപ്രവര്‍ത്തകനെയുമാണ് നാട്ടുകാര്‍ തടഞ്ഞ് വച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ തീര്‍ത്തും മദ്യലഹരിയില്‍ കാറോടിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അനു. ഒപ്പം സഹപ്രവര്‍ത്തകനായ ലക്ഷമണനും കൂടെ ഉണ്ടായിരുന്നു.
 
ഇവര്‍ ഓടിച്ചിരുന്ന വാഹനത്തെ മറ്റൊരു കാര്‍ മറികടന്നതിനുശേഷമാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. തുടര്‍ന്ന് അനു സ്വന്തം വാഹനത്തെ അതിവേഗത്തില്‍ മുന്നിലുള്ള വാഹനത്തെ മറികടന്ന് തടഞ്ഞ് നിര്‍ത്തുകയും ഡ്രൈവറെ കാറില്‍ നിന്നിറക്കി മര്‍ദ്ദിക്കുകയുമായിരുന്നു.
 
താന്‍ ഇന്‍സ്പെക്ടറാണെന്നും തന്നോട് മത്സരിക്കാന്‍ വരുമോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു മര്‍ദ്ദനം. അനുവിനൊപ്പം ലക്ഷമണനും മര്‍ദ്ദനം നടത്തി. ഇതേ സമയം സമീപ പ്രദേശത്ത് നിരവധി ജനങ്ങള്‍ നില്‍ക്കുന്ന വിവരം മദ്യലഹരിയില്‍ അനുവും സഹപ്രവര്‍ത്തകനും മറന്നിരുന്നു.
 
മര്‍ദ്ദനവും ചീത്തവിളിയും രൂക്ഷമായതോടെ പ്രദേശവാസികള്‍ ഇടപെട്ടു. തുടര്‍ന്ന് അനു 100 ഡയല്‍ ചെയ്ത് പൊലീസിനെ വിളിച്ച് വരുത്തി. എന്നാല്‍ പ്രദേശവാസികള്‍ നല്‍കിയ വിവരമനുസരിച്ച് പൊലീസ് നടത്തിയ പരിശോധനയില്‍ അനു മദ്യപിച്ചതായി കണ്ടെത്തി. 
 
തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ കര്‍ശന നടപടി എടുക്കുമെന്ന് പൊലീസ് ഉന്നത ഓഫീസര്‍ വ്യക്തമാക്കിയതോടെയാണ് നഗരവാസികള്‍ ശാന്തരായത്. 

വെബ്ദുനിയ വായിക്കുക