പാകിസ്ഥാന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഇങ്ങനെയോ ? - പാക് തന്ത്രം ഇതാണ്...
ചൊവ്വ, 4 ഒക്‌ടോബര്‍ 2016 (20:52 IST)
ഉറിയിലെ ഭീകരാക്രമണത്തിന് അതിര്‍ത്തികടന്ന് ഇന്ത്യ സുന്ദരമായ മറുപടി നല്‍കിയതോടെ പാകിസ്ഥാന്‍ പ്രതിരോധത്തിലായി എന്നതില്‍ സംശയമില്ല. അതിര്‍ത്തികടന്ന് ആക്രമിക്കില്ലെന്ന തോന്നല്‍ ഒറ്റരാത്രികൊണ്ട് പാകിസ്ഥാന് ഇന്ത്യ മനസിലാക്കി കൊടുക്കുകയായിരുന്നു. ആണവായുധം ഉപയോഗിക്കുമെന്ന പ്രസ്‌താവനയില്‍ ഇന്ത്യയെ ഭയപ്പെടുത്തി തളച്ചിടാമെന്ന പാക് മോഹങ്ങള്‍ക്ക് സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെയായിരുന്നു ഇന്ത്യന്‍ സൈന്യം മറുപടി നല്‍കിയത്.
അതിര്‍ത്തി കടന്നുള്ള ഇന്ത്യന്‍ തിരിച്ചടി പാകിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കിയതിനൊപ്പം സൈന്യത്തിന്റെ മനോവീര്യം തകരുന്നതിനും കാരണമാക്കി. ലോകരാജ്യങ്ങള്‍ക്കു മുമ്പില്‍ സൈന്യത്തിന്റെ വീഴ്‌ച മറച്ചുവയ്‌ക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. സേനയുടെ ആത്മവീര്യം തകരാതിരിക്കാന്‍ ഇന്ത്യ അതിര്‍ത്തി കടന്നിട്ടില്ലെന്നും ആക്രമണം ഉണ്ടായിട്ടില്ലെന്നും വിശ്വസിപ്പിക്കാനുമാണ് അദ്ദേഹം ശ്രമിക്കുന്നത്.
തിരിച്ചടിക്ക് അവസരം കാത്തിരിക്കുക എന്നല്ലാതെ പാകിസ്ഥാന് നിലവിലൊന്നും ചെയ്യാന്‍ സാധിക്കില്ല. ഇന്ത്യന്‍ അതിര്‍ത്തി ഗ്രാമങ്ങളെ ലക്ഷ്യമാക്കി ആക്രമണം നടത്തിയാല്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് എതിര്‍പ്പ് നേരിടേണ്ടി വരുകയും ഇന്ത്യയുടെ വാദങ്ങള്‍ക്ക് ശക്തി പകരുകയും ചെയ്യുമെന്ന് ഷെരീഫിന് നന്നായി അറിയാം. അതിര്‍ത്തി ഗ്രാമങ്ങള്‍ പൂര്‍ണമായും ഇന്ത്യന്‍ സൈന്യത്തിന്റെ കീഴിലാണെന്നതും പാകിസ്ഥാന് തിരിച്ചടിക്കുള്ള അവസരം ഇല്ലാതാകുന്നു.
അതിര്‍ത്തിയോട് ചേര്‍ന്നുള്ള 20തോളം ഭീകരക്യാമ്പുകള്‍ മാറ്റി സ്ഥാപിച്ചതിനാല്‍ ഭീകരരെ അതിവേഗം ഇന്ത്യയിലേക്ക് കടത്തിവിടാന്‍ പാക് പട്ടാളത്തിന് സാധ്യമല്ല. കൂടാതെ അതിര്‍ത്തിയില്‍ ബി എസ് എഫ് സുരക്ഷ ശക്തമാക്കിയിരിക്കുകയുമാണ്. ഈ സാഹചര്യത്തിലാണ് ബോട്ട് മാര്‍ഗം ഭീകരരെ ഇന്ത്യയിലേക്ക് കടത്തിവിടുക എന്ന പദ്ധതി പാകിസ്ഥാന്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. കറാച്ചിയില്‍ നിന്ന് രണ്ട് ബോട്ടുകള്‍ ഗുജറാത്ത്, മഹാരാഷ്‌ട്രാ തീരങ്ങളെ ലക്ഷ്യമാക്കി നീങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഇന്ത്യ - പാകിസ്ഥാൻ അതിർത്തി പങ്കിടുന്ന രാവി നദിയിലൂടെ ഇന്ത്യയിലേക്ക് കടന്ന ബോട്ട് ബി എസ് എഫ് കണ്ടെടുത്തിരുന്നു. ഉപേക്ഷിച്ച നിലയിലായിരുന്നു ബോട്ട്. നദീതീരത്തുള്ള സൈനിക പോസ്റ്റിന് സമീപമാണ് ബോട്ട് കണ്ടെത്തിയത്. പാക് ഭീകരർ ഇന്ത്യയിലേക്ക് കടക്കാൻ ഉപയോഗിച്ചതാകം ബോട്ട് എന്നാണ് സംശയം. അങ്ങനെയെങ്കിൽ ഭീകരർ രാജ്യത്തിനകത്ത് കടന്നോ എന്നാണ് സൈനികർ ഇപ്പോൾ പരിശോധിക്കുന്നത്.
അതിര്‍ത്തിയിലെ ഇന്ത്യന്‍ പോസ്‌റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയാണ് പാകിസ്ഥാന്‍. ഇതിലൂടെ ഇന്ത്യയെ പ്രകോപിപ്പിച്ച് യുദ്ധസമാനമായ സാഹചര്യം ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. ഇന്ത്യ തിരിച്ചടിച്ചാല്‍ വ്യോമസേനയ്‌ക്ക് പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ലെന്ന തിരിച്ചറിവുള്ള പാകിസ്ഥാന് കരമാര്‍ഗമുള്ള നീക്കങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്.
പാകിസ്ഥാന്റെ കൈവശമുള്ളതും പഴകിയതും സാങ്കേതിക തികവില്ലാത്തതുമായ യുദ്ധവിമാനങ്ങളാണ്. ഇന്ത്യയുടെ പക്കല്‍ അത്യാധുനിക പോര്‍വിമാനങ്ങളും മിസൈലുകളും. ഇതിനാല്‍ നിലവിലുള്ള യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയെ ആക്രമിക്കാന്‍ സാധിക്കില്ലെന്ന് പാക് വ്യോമസേനയിലെ എയർ ചീഫ് മാർഷൽ സുഹൈൽ അമാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
റഷ്യൻ നിർമിത സുഖോയിയും തേജസ് എന്നീ അത്യാധുനിക പോർവിമാനങ്ങളാണ് ഇന്ത്യയുടെ കൈവശമുള്ളത്. 36 റഫേൽ വിമാനങ്ങള്‍ കൂടി ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങുന്നതോടെ ശക്തി ഇരട്ടിയാകും. ലോകത്തെ ഏറ്റവും മികച്ച യുദ്ധവിമാനമായ സുഖോയിയോട് പൊലും പാക് യുദ്ധവിമാനങ്ങള്‍ക്ക് കിടപിടിക്കാന്‍ സാധിക്കില്ലെന്നും സുഹൈൽ അമാൻ പറയുന്നത്.
2004ല്‍ സുഖോയ് ഇന്ത്യ വാങ്ങിയതിന് ശേഷം നിരവധി പുതുക്കലുകളും ആധൂനികതയും കൂട്ടിച്ചേര്‍ക്കുകയും ചെയ്‌തു. 272 സുഖോയ് വിമാനങ്ങള്‍ ഇന്ത്യക്കുണ്ട്. എന്നാല്‍ പാകിസ്ഥാന്റെ പക്കലുള്ള ഏറ്റവും പുതിയ യുദ്ധവിമാനം 1982ൽ വാങ്ങിയ അമേരിക്കൻ നിർമിത എഫ്–16 ആണ്. ഇതില്‍ അമ്പതോളം വിമാനങ്ങള്‍ യുദ്ധത്തിന് ഉപയോഗിക്കാന്‍ സാധിക്കുന്നതല്ലെന്നും പാക് എയർ ചീഫ് മാർഷൽ സുഹൈൽ അമാൻ വ്യക്തമാക്കുന്നു.
ചൈനീസ് നിർമിത പോർവിമാനങ്ങളെയാണ് പാകിസ്ഥാന്‍ കൂടുതലായി ഉപയോഗിക്കുന്നത്. ഇവ മിക്കതും പരീക്ഷണ പറക്കലുകളിൽ തകര്‍ന്നു വീഴുകയാണ്. പാക് വ്യോമസേനയിലെ മിക്ക പോര്‍വിമാനങ്ങളും വിശ്വസിക്കാൻ കൊള്ളില്ല. പരീക്ഷണ പറക്കല്‍ പോലെയല്ല യൂദ്ധം. അതിനാല്‍ യുദ്ധമുണ്ടായാല്‍ പാക് വ്യോമസേന പരാജയമായിരിക്കുമെന്നും സുഹൈൽ അമാൻ പറയുന്നു.
അതിര്‍ത്തിയില്‍ ഇന്ത്യ സുരക്ഷ കൂടുതല്‍ ശക്തമാക്കിയെങ്കിലും പാകിസ്ഥാന്‍ തിരിച്ചടിക്കാന്‍ സാധ്യത കൂടുതലാണെന്ന് മുന്നറിയിപ്പ്. പാക് സൈനിക മേധാവി ജനറല്‍ റാഹീല്‍ ഷെരീഫിന്റെ അധികാര കാലാവധി നവംബറില്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം ഇന്ത്യക്ക് മറുപടി നല്‍കിയശേഷമേ വിരമിക്കാന്‍ സാധ്യതയുള്ളൂവെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്.
ഇന്ത്യന്‍ അതിര്‍ത്തി കടന്നുള്ള ഏത് ആക്രമണത്തിനും ജനറല്‍ ഷെരീഫ് എപ്പോള്‍ വേണമെങ്കിലും നിര്‍ദേശം നല്‍കുമെന്നാണ് ഇന്ത്യന്‍ സുരക്ഷ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇതിന്റെ ആദ്യ ഭാഗമായിട്ടാണ് പാക് പട്ടാളം ഇന്ത്യന്‍ പോസ്‌റ്റുകള്‍ക്കു നേരെ വെടിയുതിര്‍ക്കുന്നത്.
ഭീകരവാദത്തിനും അഴിമതിക്കുമെതിരെ പോരാടുന്നയാളായാണ് പാക് ജനത ജനറല്‍ ജനറലിനെ കാണുന്നത്. കൂടാതെ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി റാഹീല്‍ ഷെരീഫിന് മോശമായ ബന്ധമാണ് ഉള്ളതെന്നതും പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് ശക്തി പകരുന്നുണ്ട്. ജനസമ്മതനായ റാഹീല്‍ ഷെരീഫിന്റെ നീക്കങ്ങള്‍ പാക് സര്‍ക്കാരിനും തടയാന്‍ സാധിക്കില്ല എന്നതും ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കൂന്നുണ്ട്. സര്‍ക്കാരിന്റെ വിവിധ തലങ്ങളിലും സൈന്യത്തിലും അതിയായ സ്വാധീനമുള്ള റാഹീല്‍ ഷെരീഫ് പാക് പ്രധാനമന്ത്രിയേക്കാള്‍ ശക്തനാണ്.
ഈ കാരണങ്ങളാല്‍ തന്നെ ഇന്ത്യ പാകിസ്ഥാന്‍ പ്രശ്‌നങ്ങള്‍ ഉടന്‍ അവസാനിക്കില്ലെന്ന് വ്യക്തമാണ്. അതിര്‍ത്തിയിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും അവ താല്‍ക്കാലിക ശ്രമം മാത്രമായിരുന്നുവെന്നാണ് അതിര്‍ത്തിയില്‍ നിന്ന് ലഭിക്കുന്ന വാര്‍ത്ത.