വീസ നിരക്ക് ഇരട്ടിയാക്കിയ അമേരിക്കന്‍ നടപടി വിവേചനപരമെന്ന് അരുൺ ജെയ്റ്റ്ലി
വെള്ളി, 15 ഏപ്രില്‍ 2016 (08:33 IST)
എച്ച്–1ബി,എൽ–1 വീസകളുടെ പ്രത്യേക നിരക്ക് ഇരട്ടിയാക്കി വർധിപ്പിച്ച യുഎസ് നടപടിക്കെതിരെ വിമർശനവുമായി കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി. ഈ നടപടി വിവേചനപരമാണെന്നും ഐ ടി മേഖലയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ ഉന്നം വെച്ചാണെന്നും ഐ ടി കമ്പനികളെയും ഇത് പ്രതികൂലമായി ബാധിക്കുമെന്നും ഔദ്യോഗിക സന്ദര്‍ശനത്തിനായി അമേരിക്കയിലത്തെിയ ജെയ്റ്റ്ലി അമേരിക്കന്‍ വാണിജ്യ പ്രതിനിധിയുമായുള്ള കൂടിക്കാഴ്ചയില്‍ അറിയിച്ചു.
ഇന്ത്യയുടെ എതിർപ്പ് അവഗണിച്ച് കഴിഞ്ഞ ഡിസംബറിലാണ് എച്ച്–1ബി,എൽ–1 വീസകളുടെ പ്രത്യേക നിരക്ക് ഇരട്ടിയാക്കി വർധിപ്പിക്കുന്ന ബില്ലിന് യുഎസ് കോൺഗ്രസ് അംഗീകാരം നൽകിയത്. 4000– 4500 യുഎസ് ഡോളറാണ് വർധിപ്പിച്ചത്. അമേരിക്കയുടെ 9/11 ആരോഗ്യപദ്ധതിക്ക് പണം സ്വരൂപിക്കുന്നതിനാണ് നിരക്ക് വര്‍ധിപ്പിച്ചത്. എച്ച്–1ബി വീസയിലെ ചില വിഭാഗങ്ങളിൽ 4,000 ഡോളറും എൽ–1 വീസകൾക്ക് 4500 ഡോളറും സ്പെഷൽ ഫീ ചുമത്തിയിരുന്നു. യു എസ് കോൺഗ്രസ് അംഗീകരിച്ച ബിൽ പ്രകാരം കുറഞ്ഞത് 50 ജീവനക്കാരുള്ള ഐ ടി കമ്പനികളെയാണു പുതുക്കിയ വീസ നിരക്കുകൾ ബാധിക്കുക. വർധനയുടെ കാലാവധി പത്തുവർഷമാണ്. മുൻപു വർധന അഞ്ചുവർഷത്തേക്കായിരുന്നു. നേരത്തെ 2000 ഡോളറായിരുന്നു എച്ച്–1ബി വീസ നിരക്ക്.
കൂടാതെ ചുരുങ്ങിയ കാലത്തേക്ക് ഇരു രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരെ സാമൂഹിക സുരക്ഷ നികുതിയില്‍ നിന്നും ഒഴിവാക്കുന്ന കരാറിലുള്ള ഉത്കണഠയും ജയ്റ്റ്ലി അമേരിക്കയെ അറിയിച്ചു. തൊഴിലാളികളെ ഇരട്ട നികുതിയില്‍ നിന്നും ഒഴിവാക്കുന്നതിനായി അമേരിക്ക വിവിധ രാജ്യങ്ങളുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ലോക ബാങ്കിന്റേയും അന്താരാഷ്ട്ര നാണയ നിധിയുടേയും ശൈത്യകാല സമ്മേളനത്തില്‍ പങ്കെടുക്കാനായി അമേരിക്കയിലത്തെിയതാണ് ജെയ്റ്റ്ലി. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുരാം രാജന്‍, സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത് ദാസ്, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണഹ്യന്‍ തുടങ്ങിയവരും സന്ദര്‍ശക സംഘത്തിലുണ്ട്.