വ്യാപം അഴിമതി; ശിവരാജ് സിങ് ചൗഹാന്റെ രാജിക്ക് സമ്മര്‍ദ്ദമേറുന്നു
തിങ്കള്‍, 6 ജൂലൈ 2015 (14:29 IST)
മധ്യപ്രദേശിലെ വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ രാജിക്ക് സമ്മര്‍ദ്ദമേറുന്നു. ചൌഹാനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് ബിജെപി പുറത്താക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംഭവത്തില്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാപം അഴിമതിയുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവരൊക്കെ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുന്നത് കേസിനെ ദേശീയ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അഴിമതിയുമായി ബന്ധപ്പെട്ടുണ്ടായ 45 മരണങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ചൗഹാന് ഒഴിഞ്ഞ് മാറാനാകില്ലെന്നും മുഖ്യമന്ത്രിയെ പുറത്താക്കി നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സര്‍ജേവാല ആവശ്യപ്പെട്ടു.
അടുത്ത ദുരൂഹ മരണം ഉണ്ടാകുന്നതിന് മുമ്പ് മധ്യപ്രദേശ് സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരവും ആവശ്യപ്പെട്ടു. കോടതി നിരീക്ഷണത്തോടെയുള്ള അന്വേഷണം സ്വതന്ത്ര അന്വേഷണം ഉറപ്പ് നല്‍കുന്നില്ലെന്നും അടുത്ത മരണത്തിന് മുമ്പ് സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നുമാണ് ചിദംബരം പറഞ്ഞത്.
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും സംഭവങ്ങളുടെ ഉത്തരാവാദിത്വം ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രിയുടെ അടുത്ത കുടുംബാംഗങ്ങളുടെ പേരും അഴിമതിയില്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് പി.സി ചാക്കോ ആരോപിച്ചു. തനിക്ക് പങ്കില്ലെങ്കില്‍ പിന്നെന്താണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാന്‍ ചൗഹാന് മടിയെന്നും ചാക്കോ ചോദിച്ചു.