വ്യാപം അഴിമതിക്കേസിലെ പ്രതികയുമായി അടുത്ത ബന്ധം പുലര്‍ത്തിയെന്ന ആരോപണം നേരിടുന്ന കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് രൺദീപ് സുർജേവാല ആവശ്യപ്പെട്ടു.
മധ്യപ്രദേശിലെ വ്യാപം അഴിമതി കേസ്സില്‍ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍, ആര്‍ എസ് എസ് നേതാവ് സുരേഷ് സോണി എന്നിവര്‍ക്ക് അറസ്റ്റിലായ ഖനി വ്യവസായി സുധീര്‍ ശര്‍മ്മ പണം നല്‍കിയെന്ന് തെളിയിക്കുന്ന രേഖകള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. ധര്‍മ്മേന്ദ്ര പ്രധാന്‍, ആര്‍ എസ് എസ് നേതാവ് സുരേഷ് സോണി എന്നിവരുള്‍പ്പെടെയുള്ള പ്രമുഖര്‍ക്ക് ശര്‍മയുമായി അടുത്ത ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു.
വ്യാപം അന്വേഷണവുമായി ബന്ധപ്പെട്ട് കേസ് അന്വേഷണം ഏറ്റെടുത്ത സി ബി ഐ 40 അംഗ അന്വേഷണ സംഘത്തിന് രൂപം നല്‍കി. 43 ദുരൂഹ മരണങ്ങളാണ് ഇതുവരെ വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.