വ്യാപം നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ആദ്യം മരിച്ച നമ്രത ദമോറിന്റെ മരണത്തെക്കുറിച്ച് പുനരന്വേഷണം നടത്തുമെന്ന് മധ്യപ്രദേശ് സർക്കാർ വ്യക്തമാക്കി. 2012ല്‍ മരിച്ച നമ്രതയുടെ മരണം കൊലപാതകമാണെന്ന മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്. നമ്രതയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
2012 ഒരു റെയില്‍വെ ട്രാക്കിന് സമീപത്തായിരുന്നു നമ്രത ദമോറിന്റെ മൃതശരീരം കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. എന്നാല്‍ പോസ്‌റ്റ് മോര്‍ട്ടത്തില്‍ മരണം ശ്വാസം മുട്ടിയുള്ള മരണമായിരുന്നുവെന്ന് വ്യക്തമാകുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് നമ്രതയുടെ മരണത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുന്നത്.
വ്യാപം നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ മേൽനോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് നമ്രതയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ തീരുമാനമയത്. വ്യാപം കേസിൽ പ്രതികളും സാക്ഷികളും അടക്കം 46 പേരാണ് ഇതുവരെ ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞത്. മരിച്ചവരുടെ പട്ടിക എസ്.ഐ.ടി കോടതിക്ക് കൈമാറിയിരുന്നു.
അടുത്ത ദിവസങ്ങളിൽ തുടർച്ചയായി നാലു പേർ മരിച്ചതോടെയാണ് സി.ബി.ഐ അന്വേഷണത്തിനു വേണ്ടിയുള്ള ആവശ്യം ശക്തമായത്. പൊലീസ് ഉദ്യോഗസ്ഥനായ രമാകാന്ത് പാണ്ഡെയാണ് സംഭവവുമായി ബന്ധപ്പെട്ട് അവസാനം മരിച്ചത്. ഇയാളെ വ്യാപം കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. ട്രെയിനി പൊലീസ് ഇൻസ്‌പെക്ടർ അനാമിക കുശ്‌വാഹ്, ജബൽപൂർ മെഡിക്കൽ കോളജ് ഡീൻ അരുൺ കുമാർ, ആജ് തക് ചാനലിലെ റിപ്പോർട്ടറായ അക്ഷയ് സിംഗ് എന്നിവരെയും കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.