രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പട്യാല ഹൌസ് കോടയിയില്‍ ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ ഹാജരാക്കിയ ദിവസം നടന്ന അക്രമങ്ങളെ ന്യായീകരിച്ച് നേതൃത്വം നല്കിയ അഭിഭാഷകന്‍ രംഗത്ത്. അഭിഭാഷകരുടെ പ്രകടനത്തിനും അക്രമത്തിനും നേതൃത്വം നല്കിയ അഭിഭാഷകന്‍ വിക്രം സിംഗ് ചൌഹാന്‍ ആണ് ടെലിഗ്രാഫ് പത്രത്തിന് നല്കിയ അഭിമുഖത്തില്‍ അക്രമങ്ങളെ ന്യായീകരിച്ചത്.
ഇതുവരെ ചെയ്തതെല്ലാം ശരിയാണെന്നും ഇത് ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏതായാലും, വിക്രം ചൌഹാന്റെ പ്രഖ്യാപനത്തോടെ അഭിഭാഷകരുടെ നേതൃത്വത്തില്‍ അരങ്ങേറിയ പ്രകടനവും അക്രമവും ആസൂത്രിതമാണെന്നുള്ള സംശയങ്ങള്‍ ബലപ്പെട്ടിരിക്കുകയാണ്.
ദേശീയതയ്ക്ക് വേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്ന് പറഞ്ഞുകൊണ്ടാണ് വിക്രം ചൌഹാന്‍ സംഭാഷണം ആരംഭിക്കുന്നത്. ഇതുവരെ ചെയ്തതൊക്കെ ഇനിയും തുടരും. അതേസമയം, സംഭാഷണത്തിനിടയ്ക്ക് അഭിപ്രായം പറയുമ്പോള്‍ സൂക്ഷിക്കണമെന്ന് അനുയായികള്‍ മുന്നറിയിപ്പ് നല്കുന്നുണ്ടെങ്കിലും അത് അവഗണിച്ചാണ് വിക്രം ചൌഹാന്റെ സംസാരം.
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിയുടെ സംഘാടകരില്‍ ഒരാളായ ഉമര്‍ ഖാലിദിനെ കോടതിയില്‍ കൊണ്ടുവന്നാല്‍ കൊല്ലേണ്ടതില്ലെന്നും കൈയും കാലും തല്ലിയൊടിക്കണമെന്നാണ് പാര്‍ട്ടിയുടെ ഉത്തരവെന്നും അഭിമുഖത്തില്‍ പറയുന്നു.