മല്യ പതിനെട്ടിന് തിരിച്ചെത്തിയേക്കും; മദ്യരാജാവ് നിയമോപദേശം തേടിയെന്ന് റിപ്പോര്‍ട്ട്

Webdunia
ശനി, 12 മാര്‍ച്ച് 2016 (16:00 IST)
9000 കോടി രൂപയുടെ ഭീമന്‍ കടബാധ്യതയുമായി ലണ്ടനിലേക്ക് കടന്ന വിജയ് മല്യ ഇന്ത്യയിലേക്ക് തിരിച്ചു വരാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ നിയമവ്യവസ്ഥയെ അംഗീകരിക്കുന്നുവെന്നും ഒളിച്ചേടിയിട്ടില്ലെന്നും വ്യക്തമാക്കിയ മല്യ പതിനെട്ടാം തിയതി തിരിച്ചെത്തുമെന്നാണ് ലഭിക്കുന്ന വിവരം.

ലണ്ടനിലെ ടിവെന്‍ ഗ്രാമത്തിലെ ലേഡിവോക് എന്ന ബംഗ്ളാവില്‍ കഴിയുന്ന മല്യ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഇത് സംബന്ധിച്ച് നിയമോപദേശം തേടിയെന്നുമാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

തിരിച്ചത്തെിയില്ലെങ്കില്‍ മല്യക്കെതിരെ ക്രിമിനല്‍ നടപടിക്രമങ്ങള്‍ സ്വീകരിക്കുകയും തുടര്‍ന്ന് കുറ്റവാളിയെ കൈമാറുന്നതിനു ആവശ്യപ്പെടാനുമാണ് കേന്ദ്രം ആലോചിക്കുന്നത്. എന്നാല്‍ കുറ്റാവാളികളെ കൈമാറുന്നതിന് സര്‍ക്കാര്‍ തലത്തില്‍ തീരുമാനാമായാലും മനുഷ്യവകാശ പ്രശ്നമുയര്‍ത്തി ബ്രിട്ടീഷ് കോടതികള്‍ പ്രതികള്‍ക്കനുകൂലമായാണ് വിധിക്കാറ്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ തിരികെയത്തെിയാല്‍ മല്യക്ക് യാതൊരു പീഢനവും ഉണ്ടാകില്ലെന്ന് ഇന്ത്യന്‍ സര്‍ക്കാരിന് ബ്രിട്ടീഷ് കോടതികളില്‍ ബോധിപ്പിക്കേണ്ടി വരും.

ബുധനാഴ്ച ഉച്ചയ്‌ക്ക് 1.30ന്റെ ഡല്‍ഹി- ലണ്ടന്‍ ജെറ്റ് എയര്‍വേയ്സ് വിമാനത്തില്‍ ഫസ്‌റ്റ് ക്ലാസ് ടിക്കറ്റിലാണ് മല്യ രാജ്യം വിട്ടത്. രാജ്യം വിടുബോള്‍ കൂടെ ഒരു സ്‌ത്രീയും ഒപ്പമുണ്ടായിരുന്നു. ബാങ്കുകളുടെ രഹസ്യ നീക്കങ്ങള്‍ മുന്‍കൂട്ടിയറിഞ്ഞതിനെ തുടര്‍ന്നായിരുന്നു നാടുവിടല്‍. വിമാനം കയറുന്ന ദിവസം അദ്ദേഹത്തിനെതിരേ വിലക്കുണ്ടായിരുന്നില്ല. മാര്‍ച്ച് അഞ്ചിന് ഇന്ത്യ വിട്ട ശേഷമാണ് ബാങ്കുകള്‍ അദ്ദേഹത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. ബാങ്കുകള്‍ക്ക് പുറമെ തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിലെ ജീവനക്കാര്‍ക്ക് വര്‍ഷങ്ങളായി ശമ്പളം നല്‍കാത്ത മല്യ ലണ്ടനില്‍ ആഡംബര ജീവിതമാണ് നയിക്കുന്നത്.