ദില്ലി പൊലീസ് എന്നെഴുതിയ വാഹനത്തിന് മുകളില്‍ യുവാവിന്‍റെ അതിസാഹസിക ടിക് ടോക് വീഡിയോ. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് മുകളില്‍ കയറി പുഷ് അപ് എടുക്കുകയും വീണ്ടും വാഹനത്തിനുള്ളിലേക്ക് കയറുകയും ചെയ്യുന്നു. ഇയാള്‍ തന്നെയാണ് വാഹനം ഓടിക്കുന്നതെന്നും വീഡിയോയില്‍നിന്ന് മനസ്സിലാകും. വാഹനത്തിന്‍റെ ബോണറ്റില്‍ ദില്ലി പൊലീസ് എന്നെഴുതുകയും ബീക്കണ്‍ ലൈറ്റ് ഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആയിരങ്ങളാണ് വീഡിയോ കണ്ടതും പങ്കുവച്ചതും.
പരിശോധനയില്‍ ജെ പി ശര്‍മ എന്നയാളുടെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വാഹനം ദില്ലി പൊലീസിന്‍റേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. വാഹനത്തെ സംബന്ധിച്ചും ടിക്ടോക്കില്‍ കാണുന്ന യുവാവിനെക്കുറിച്ചും അന്വേഷണം നടക്കുകയാണെന്ന് ദില്ലി പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.