ആധാര്‍കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ പാവപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കില്ലെന്ന് വെങ്കയ്യ നായിഡു

വ്യാഴം, 28 ജൂലൈ 2016 (15:43 IST)
ആധാര്‍ കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കില്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. രാജ്യസഭയിലാണ് വെങ്കയ്യ നായിഡു ഇക്കാര്യം വ്യക്തമാക്കിയത്. ആധാര്‍ കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ പാവപ്പെട്ടവര്‍ക്ക് സേവനങ്ങളോ ആനുകൂല്യങ്ങളോ നിഷേധിക്കപ്പെടില്ല. എന്നാല്‍, സുരക്ഷാ കാരണങ്ങള്‍ പരിഗണിക്കുമ്പോള്‍ ആധാര്‍ കാര്‍ഡ് ആവശ്യമാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
 
പാചകവാതക സബ്‌സിഡി ലഭിക്കാന്‍ ആധാര്‍ ആവശ്യമാണ്. എന്നാല്‍, ആധാര്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കാത്ത സംസ്ഥാനങ്ങള്‍ക്ക് ഇതില്‍ ഇളവ് നല്കുമെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു.
 
അതേസമയം, ആധാര്‍ കാര്‍ഡിന്‍റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉണ്ടാക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷാംഗങ്ങൾ സഭയില്‍ ബഹളം വെച്ചു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചതോടെ സഭ അൽപസമയം നിര്‍ത്തിവെച്ചു.

വെബ്ദുനിയ വായിക്കുക