തമിഴ്‌നാടിനെ മുള്‍മുനയില്‍ നിര്‍ത്തി വര്‍ധ; രണ്ടു മരണം, കാറ്റിന്റെ ശക്‍തി കുറഞ്ഞു, നൂറ് കണക്കിന് വീടുകള്‍ തകര്‍ന്നു

Webdunia
തിങ്കള്‍, 12 ഡിസം‌ബര്‍ 2016 (19:49 IST)
തമിഴ്‌നാടിനെ ഭയത്തിലാഴ്‌ത്തിയ വര്‍ധ ചുഴലിക്കാറ്റ് ശാന്തമായി. ചെന്നൈ അടക്കമുള്ള സ്ഥലങ്ങളില്‍ കനത്ത നാശനഷ്‌ടം വിതച്ച ശേഷമാണ് വര്‍ധയുടെ ശക്തി കുറഞ്ഞത്. ആന്ധ്രയുടെ തീരപ്രദേശങ്ങളിലേക്ക് കാറ്റ് നീങ്ങിയതായിട്ടാണ് ഏറ്റവും പുതിയ വിവരം.

അപ്രതീക്ഷിതമായി എത്തിയ വര്‍ധ കൊടുങ്കാറ്റിനെ സര്‍വ്വസന്നാഹങ്ങളും ഒരുക്കിയാണ് ചെന്നൈ നേരിട്ടത്. ഞായറാഴ്ച വൈകുന്നേരം തന്നെ പൊതു അവധി പ്രഖ്യാപിച്ചു. സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ജോലി സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച സര്‍ക്കാര്‍ സ്വകാര്യ കമ്പനികളോടും അവധി നല്കാന്‍ ആവശ്യപ്പെട്ടിരുന്നു. പുതുച്ചേരിയിലും സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധിയാണ്.

വര്‍ധ ചുഴലിക്കാറ്റില്‍ ചെന്നൈയിലും സമീപപ്രദേശങ്ങളിലുമായി രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. കനത്ത നാശ നഷ്‌ടങ്ങളാണ് എങ്ങും സംഭവിച്ചിരിക്കുന്നത്. നൂറ് കണക്കിന് വീടുകള്‍ തകര്‍ന്നു. ചെവ്വാഴ്‌ചയോടെ കൃത്യമായ കണക്കുകകള്‍ പുറത്തുവരും.

ചെന്നൈയിലെ വ്യോമ, റെയിൽ, റോഡ് ഗതാഗതം പൂർണമായും താളം തെറ്റി. സബർബൻ ട്രെയിൻ സർവീസുകൾ നിർത്തിവച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയ അവസ്ഥയിലാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ 15 സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.

അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ദുരിതാശ്വാസ കേന്ദ്രങ്ങളും ഒരുക്കി. മതിയായ ഭക്ഷണം, വെള്ളം, മറ്റു സംവിധാനങ്ങൾ എന്നിവ ഇത്തരം കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Next Article