സമൂഹവിവാഹത്തിന് വരനെത്തിയില്ല, ആനുകൂല്യം ലഭിക്കാൻ സ്വന്തം സഹോദരനെ വിവാഹം ചെയ്ത് യുവതി, വിവാദം

അഭിറാം മനോഹർ

ചൊവ്വ, 19 മാര്‍ച്ച് 2024 (20:27 IST)
ലഖ്‌നൗ: മുഖ്യമന്ത്രിയുടെ സമൂഹവിവാഹ പദ്ധതിയുടെ ആനുകൂല്യം നേടാനായി യുവതി സഹോദരനെ വിവാഹം ചെയ്തു. മാര്‍ച്ച് അഞ്ചിന് ഉത്തര്‍പ്രദേശിലെ ലഖിംപുരില്‍ നടന്ന സമൂഹ വിവാഹത്തിലാണ് തട്ടിപ്പ് അരങ്ങേറിയത്. സമൂഹവിവാഹത്തിന് പേര് രജിസ്റ്റര്‍ ചെയ്ത പ്രീതി യാദവ് എന്ന യുവതിയാണ് പ്രതിശ്രുത വരന്‍ രമേഷ് യാദവ് ചടങ്ങിനെത്താത്തതിനെ തുടര്‍ന്ന് സ്വന്തം സഹോദരനെ വിവാഹം ചെയ്തത്. സമൂഹവിവാഹ പദ്ധതി പ്രകാരം 51,000 രൂപയാണ് ദമ്പതികള്‍ക്ക് ലഭിക്കുക. ഇതില്‍ 35,000 വധുവിന്റെ അക്കൗണ്ടിലേക്കും 10,000 പാരിതോഷികങ്ങള്‍ വാങ്ങാനും 6000 രൂപ വിവാഹചെലവുകള്‍ക്കുമാണ് നല്‍കുന്നത്. വിവാഹം രജിസ്റ്റര്‍ ചെയ്‌തെങ്കില്‍ മാത്രമെ ഈ തുക ലഭിക്കുകയുള്ളു. ഇത് നഷ്ടമാകാതിരിക്കാനാണ് യുവതി സ്വന്തം സഹോദരനെ വിവാഹം ചെയ്തത്.
 
സംഭവം പുറത്തുവന്നതോടെ പോലീസ് അന്വേഷണം ആരംഭിക്കുകയും സഹോദരങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. വിവാഹത്തിന് മുന്‍പ് രേഖകള്‍ പരിശോധിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാത്തതില്‍ വില്ലേജ് ഡവലപ്പ്‌മെന്റ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ജനുവരിയിലും സമാനമായ കേസ് യുപിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍