യുപിയിലെ മന്ത്രിമാർ കഴിഞ്ഞ നാല് വര്‍ഷക്കാലം അതിഥികളെ സൽക്കരിക്കാനായി ചെലവിട്ടത് ഒന്നും രണ്ടുമല്ല, ഒൻപതു കോടി രൂപ!. വാങ്ങിയ പലഹാരങ്ങളാണെങ്കിലോ ചായയും സമൂസ, ഗുലാബ് ജാമുൻപോലെയുള്ളവയും.
2012 മാർച്ച് 15നായിരുന്നു അഖിലേഷ് യാദവ് മുഖ്യമന്ത്രിയായുള്ള സർക്കാർ അധികാരമേറ്റത്. അന്നു മുതല്‍ 2016 മാർച്ച് 15 വരെയുള്ള നാലു വർഷക്കാലത്തെ ‘ചായച്ചെലവ്’ ഒൻപതു കോടി രൂപയാണെന്ന് മുഖ്യമന്ത്രി തന്നെയാണ് നിയമസഭയിൽ വെളിപ്പെടുത്തിയത്.
സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി അരുൺ കുമാർ കോറിയാണ് ഈ ചെലവിൽ ഒന്നാമത്. കഴിഞ്ഞ നാലു വർഷംകൊണ്ട് ചായ സല്‍ക്കാരത്തിനായി അവര്‍ ചിലവഴിച്ചത് 22,93,800 രൂപയാണ്‍. തൊട്ടുപിറകില്‍ തന്നെയാണ് നഗരവികസന മന്ത്രി മുഹമ്മദ് അസംഖാന്‍. 22,86,620 രൂപയുടെ ‘ബില്ലു’മായാണ് അദ്ദേഹം രണ്ടാമതെത്തിയത്.
22,85,900 രൂപ ചിലവാക്കി ശിശുക്ഷേമ മന്ത്രി കൈലാഷ് ചൗരസ്യ മൂന്നാം സ്ഥാനം സ്വന്തമാക്കി. ജഗ്‌ദീഷ് സൊങ്കർ, റാം കരൺ ആര്യ തുടങ്ങിയവരും 21 ലക്ഷത്തിലധികം ചിലവഴിച്ച മന്ത്രിമാരുടെ ഗണത്തിലുണ്ട്. എന്നാല്‍ ഇത്തരം സല്‍ക്കാരങ്ങള്‍ക്കായി ഒരു മന്ത്രിക്ക് ദിവസത്തില്‍ 3000 രൂപവരെ ചെലവാക്കാൻ അനുവാദമുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു.