പുതിയ ഡ്രസ് കോഡ് നിലവില്‍ വന്നു; കോളേജുകളില്‍ ജീൻസും ടീ ഷർട്ടും ധരിക്കുന്നതിന് വിലക്ക്
ബുധന്‍, 5 ഏപ്രില്‍ 2017 (19:30 IST)
യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതോടെ ഉത്തർപ്രദേശില്‍ ആരംഭിച്ച പരിഷ്‌കാരങ്ങള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു. സംസ്ഥാനത്തെ കോളേജ് അധ്യാപകര്‍ക്കാണ് പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അധ്യാപകർ ജീൻസും ടീ ഷർട്ടും ധരിക്കുന്നതിനാണ് ഇപ്പോള്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. 158 സർക്കാർ കോളജുകളിലെയും 331 എയ്ഡഡ് കോളജുകളിലെയും അധ്യാപകർക്ക് പുതിയ നിയമം ബാധകമാണെന്ന് ഉന്നത വിദ്യാഭ്യാസ ജോയിന്‍റ് ഡയറക്ടർ ഉർമിള സിംഗ് വ്യക്തമാക്കി. കൃത്യമായ ഇടവേളകളില്‍ പരിശോധനകളുണ്ടാകുമെന്നും അവര്‍ പറഞ്ഞു.
അധ്യാപകർക്ക് മാന്യമായ ഡ്രസ് കോഡ് കൊണ്ടുവരുകയാണ് ഇതിലൂടെ ചെയ്യുന്നത്. അധ്യാപകർ മാന്യമല്ലാത്ത വസ്ത്രം ധരിച്ചു വന്നാൽ വിദ്യാർഥികളും അത് പിന്തുടരും. അധ്യാപകര്‍ കറുത്തതോ, നീലയോ നിറത്തിലുള്ള പാന്റ്സ് ധരിക്കുന്നതാണ് നല്ലത്. സ്‌കൈ ബ്ലൂ നിറത്തിലുള്ള ഷര്‍ട്ട് ധരിക്കുന്നതും നന്നാകുമെന്നും ഉർമിള സിംഗ് കൂട്ടിച്ചേര്‍ത്തു.