തമിഴ്നാട്ടിലെ ദുരഭിമാനക്കൊല: പെണ്‍കുട്ടിയുടെ പിതാവടക്കം ആറുപേർക്ക് വധശിക്ഷ; മൂന്നു പ്രതികളെ വെറുതെ വിട്ടു

ചൊവ്വ, 12 ഡിസം‌ബര്‍ 2017 (14:26 IST)
ഉടുമൽപേട്ടയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭാര്യാ പിതാവ് ഉൾപ്പടെ ആറ് പേർക്ക് വധശിക്ഷ. തിരുപ്പൂർ പ്രത്യേക സെഷൻ കോടതിയാണ് ശിക്ഷ വിധിച്ചത്. യുവതിയുടെ മാതാവ് ഉൾപ്പെടെ മൂന്നു പ്രതികളെ വെറുതെ വിട്ടു. രാവിലെ കേസ് പരിഗണിച്ച കോടതി 11 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. 
 
തേവർ സമുദായത്തിൽപ്പെട്ട കൗസല്യ എന്ന യുവതിയെ പ്രണയിച്ചു വിവാഹം കഴിച്ച കുറ്റത്തിനാണ് ദലിത് യുവാവായ ദിണ്ഡിഗൽ സ്വദേശി ശങ്കറിനെ ഉടുമൽപേട്ട നഗരമധ്യത്തിൽവച്ചു ക്വട്ടേഷൻ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൗസല്യയുടെ പിതാവായ ചിന്നസ്വാമി, മാതാവ് അന്നലക്ഷ്മി, അമ്മാവൻ പാണ്ടിദുരൈ എന്നിവരുടെ നിർദേശപ്രകാരമായിരുന്നു കൊലപാതകമെന്നാണു കേസ്. 
 
ഉദുമലപേട്ട മാര്‍ക്കറ്റിലേക്ക് പോകുന്നതിനായി റോഡരികില്‍ നില്‍ക്കുകയായിരുന്ന ദമ്പതികളെ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് പുറകില്‍ നിന്ന് വെട്ടിയത്. മാരകമായി വെട്ടേറ്റ യുവാവ് തല്‍ക്ഷണം മരിച്ചു. യുവതിക്ക് തലയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പൊള്ളാച്ചി എന്‍ജിനീയറിങ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു കൊല്ലപ്പെട്ട ശങ്കര്‍.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍