ന്യൂഡല്‍ഹി: ഹെലികോപ്റ്ററില്‍ നിന്ന് പ്രയോഗിയ്ക്കാവുന്ന നാഗ് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ടാങ്ക് വേധ മിസൈലായ നാഗിന് ധ്രുവസ്ത്ര എന്നാണ് പേര് നൽകിയിരിയ്ക്കുന്നത്. ചൈനയുമായുളള സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലുളള മിസൈല്‍ പരീക്ഷണത്തിന് പ്രാധാന്യം ഏറെയാണ്. മിസൈൽ പരീക്ഷണത്തിന്റെ ദൃശ്യം വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടിട്ടുണ്ട്.
ഈ മാസം 15, 16 തീയതികളിലാണ് ഒഡീഷ ബാലസോറിലെ പരീക്ഷണ കേന്ദ്രമായ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്ന് മിസൈല്‍ പരീക്ഷണം നടത്തിയത്. ഹെലികോപ്റ്ററിന്റെ സഹായമില്ലാതെയായിരുന്നു പരീക്ഷണം. മൂന്നാം തലമുറയില്‍പ്പെട്ട മിസൈലാണ് ധ്രുവസ്ത്ര. പ്രതികൂലമായ കാലാവസ്ഥകളിലും ധ്രുവാസ്ത്ര ലക്ഷ്യംകാണും. അത്യാധുനിക ലഘു ഹെലികോപ്റ്ററുകളിൽനിന്ന് പ്രയോഗിയ്ക്കാൻ സാധിയ്ക്കുംവിധമാണ് മിസൈൽ വികസിപ്പിരിയ്ക്കുന്നത്. ധ്രുവസ്ത്രയെ സേനയുടെ ഭാഗമാക്കുന്നതിനുളള നടപടികള്‍ പുരോഗമിയ്ക്കുകയാണ്.