ഇവിടെ പ്രതികരിക്കുന്ന ജനങ്ങളാണുള്ളത്, ആരുടെ വാക്കുകളാണ് ശരിയെന്ന് അവർക്ക് മനസ്സിലായി: തോമസ് ഐസക്

Webdunia
ചൊവ്വ, 6 ഡിസം‌ബര്‍ 2016 (12:20 IST)
കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധന പ്രഖ്യാപനം വന്നതു മുതൽ നടപടിയെ എതിർത്തവരിൽ മുഖ്യനാണ് ധനമന്ത്രി തോമസ് ഐസക്. പ്രഖ്യാപനം ഗുരുതരമായ സ്ഥിതിവിശേഷങ്ങളിലേക്കാണ് കൊണ്ടെത്തിക്കുക എന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ, ധനമന്ത്രിയുടെ വാക്കുകൾ കേരളത്തിലെ ജനങ്ങളെ കൂടുതൽ ഭയചകിതരാക്കുകയായിരുന്നുവെന്നും പ്രചരണം നടന്നിരുന്നു. എന്നാൽ, സത്യാവസ്ഥ പറയുക മാത്രമാണ് താൻ ചെയ്തതെന്നും തന്റെ വാക്കുകൾ ഇപ്പോൾ ജനങ്ങക്ക് തിരിച്ചരിഞ്ഞുവെന്നും തോമസ് ഐസക് പ്രതികരിക്കുന്നു.

നോട്ട് പ്രതിസന്ധി മറികടക്കാന്‍ കേരളം ആവശ്യമായ മുന്‍കരുതലെടുത്തിരുന്നുവെന്നും മന്ത്രി പറയുന്നു. യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കി പ്രതിസന്ധി അതിജീവിക്കാന്‍ കേരളം നേരത്തേ ശ്രമിച്ചു. താന്‍ പരിഭ്രാന്തി പരത്തുന്നെന്ന ആക്ഷേപം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ മുഴുവന്‍ വെട്ടിലാക്കി. വിധിയാണെന്നും രാജ്യസ്നേഹമാണെന്നും പറഞ്ഞിരിക്കാനാവില്ല. കേരളത്തില്‍ അത് വിലപ്പോവില്ല. ഇവിടെ പ്രതികരിക്കുന്നവരുണ്ടെന്ന് അവര്‍ മനസ്സിലാക്കണം. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

നോട്ട് പ്രതിസന്ധിയില്‍ ബി ജെ പിക്കെതിരെ സമരം നടക്കുമ്പോള്‍ അവരുടെ ന്യായം എടുത്ത് വിളമ്പുകയല്ല രമേശ് ചെന്നിത്തല ചെയ്യേണ്ടത്. അത് ശരിയായില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി. ഏതാനും ദിവസംകൊണ്ട് പ്രതിസന്ധി അവസാനിക്കുമെന്നാണ് പല സംസ്ഥാനങ്ങളും കരുതിയത്. പ്രശ്നങ്ങള്‍ രണ്ടുദിവസംകൊണ്ട് പരിഹരിക്കപ്പെടുമെന്ന് പറഞ്ഞവരുടെ വാക്കാണോ ഗുരുതരമായ സ്ഥിതിവിശേഷമാണെന്ന തന്റെ വാക്കാണോ ശരിയെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ട്. അതിനെ പരിഭ്രാന്തി പരത്തല്‍ എന്നുപറഞ്ഞ് തള്ളരുത്. കേരളത്തെക്കാള്‍ തിരക്കാണ് മറ്റ് സംസ്ഥാനങ്ങളിലലെന്നും തോമസ് ഐസക്ക് കൂട്ടിച്ചേർത്തു.
Next Article