മോഷണകുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ആണ്‍കുട്ടിയെ പൊലീസ് സ്റ്റേഷനില്‍ കാലില്‍ ചങ്ങലയിട്ട് കെട്ടിയിട്ടു. ആന്ധ്രാ പ്രദേശിലാണ് സംഭവം. ഇടതുകാലിൽ ചങ്ങലയിട്ട് ജനാലയുമായി ബന്ധിച്ച നിലയിൽ കരഞ്ഞു കൊണ്ടിരിക്കുന്ന കുട്ടിയുടെ വീഡിയോ ദൃശ്യം പുറത്തു വന്നതോടെയാണ് വിവരം എല്ലാവരും അറിയുന്നത്.മാല മോഷ്ടിച്ചുവെന്നാരോപിച്ചാണ് പതിമൂന്നു വയസ്സുള്ള ആണ്‍കുട്ടിയെ അഞ്ചുദിവസം മുന്‍പ് കസ്റ്റഡിയിലെടുത്തത്. ഇടതുകാലില്‍ കൈവിലങ്ങ് ഉപയോഗിച്ച് ബന്ധിച്ചശേഷം അതില്‍നിന്നും ചങ്ങല ജനലിലേക്ക് വലിച്ചുകെട്ടുകയായിരുന്നു.
അഞ്ച് ദിവസമായി അവൻ സ്റ്റേഷനിൽ ഉണ്ടായിരുന്നെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവം വിവാദമായതോടെ തെരുവിൽ ആക്രി പെറുക്കി ജീവിക്കുന്ന ഈ കുട്ടി സ്ഥിരമായി കുറ്റകൃത്യങ്ങൾ ചെയ്യുന്നയാളാണെന്ന് പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. കുട്ടിയെ വളരെ കുറച്ചു സമയം മാത്രമാണ് ചങ്ങലയില്‍ ബന്ധിച്ചിരുന്നതെന്ന് ജില്ലാ പൊലീസ് മേധാവി ശ്രീകാന്ത് പറഞ്ഞു. ഡ്യൂട്ടിയില്‍ തനിച്ചായിരുന്ന കോണ്‍സ്റ്റബിള്‍ ഉച്ചഭഷണം കഴിക്കാന്‍ പുറത്തുപോയപ്പോള്‍ കുട്ടി ഓടിപ്പോകാതിരിക്കാനാണ് ചങ്ങലയില്‍ ബന്ധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ കുട്ടിയെ അറസ്റ്റു ചെയ്തതിനെക്കുറിച്ച് വ്യക്തമായ വിവരം നല്‍കാന്‍ പൊലീസിന് സാധിക്കുന്നില്ല. കാണാതായ മാല കുട്ടിയുടെ കയ്യില്‍ നിന്നു കണ്ടെടുത്തുവെന്ന്‍ പൊലീസ് പറയുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. കുട്ടിയെ ദിവസങ്ങളായി സ്റ്റേഷനിൽ താമസിപ്പിച്ചിരിക്കുകയാണെന്ന വാർത്ത പൊലീസ് ഉദ്യോഗസ്ഥർ തള്ളി. കഴിഞ്ഞ ദിവസമാണ് കുട്ടിയെ പിടികൂടിയതെന്നും അവന്റെ കൈയിൽ നിന്നും മോഷ്ടിച്ച ഒരു മാല കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രാത്രി കുട്ടിയെ മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കിയിരുന്നെന്നും എന്നാൽ കുട്ടിയെ ഇന്ന് വീണ്ടും ഹാജരാക്കാനാണ് മജിസ്ട്രേറ്റ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ചങ്ങലയിലുള്ള കുട്ടിയുടെ ദൃശ്യങ്ങൾ പുറത്തു വന്നതോടെ സംസ്ഥാന പൊലീസും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.