ടി എച്ച് മുസ്തഫയ്‌ക്കെതിരെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം

Webdunia
വ്യാഴം, 29 മെയ് 2014 (10:58 IST)
രാഹുല്‍ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് ടി എച്ച് മുസ്തഫയ്‌ക്കെതിരെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. പാര്‍ട്ടിയിലെ കാര്യങ്ങള്‍ പാര്‍ട്ടിക്കകത്ത് പറയണമെന്ന് കോണ്‍ഗ്രസ് വക്താവ് മിം അഫ്‌സല്‍ പറഞ്ഞു. 
 
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കഴിഞ്ഞ ദിവസം ടി എച്ച് മുസ്തഫ ഉന്നയിച്ചത്. രാഹുല്‍ ജോക്കറാണെന്നും ഉപാധ്യക്ഷ സ്ഥാനം ഒഴിയണമെന്നും മുസ്തഫ പറഞ്ഞു. പ്രിയങ്കാഗാന്ധി നേതൃത്വത്തിലേക്ക് വരണമെന്നും മുസ്തഫ ആവശ്യപ്പെട്ടു. എറണാകുളം പ്രസ്‌ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുസ്തഫ. 
 
ദേശീയ മാധ്യങ്ങളടക്കം മുസ്തഫയുടെ വിമര്‍ശനം വലിയ വാര്‍ത്തയാക്കിയ സാഹചര്യത്തിലാണ് ദേശീയ നേതൃത്വം പരാമാര്‍ശത്തിനെതിരെ രംഗത്തെത്തിയത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സംഭവിച്ച തോല്‍വി സംബന്ധിച്ച് പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ പാര്‍ട്ടിക്കകത്ത് പറയണം. 
 
മുസ്തഫയുടെ പരാമര്‍ശത്തെ കുറിച്ച് കൂടുതല്‍ അറിയില്ലെന്നും എന്നാല്‍ രാഹുലിനെ പരസ്യമായി വിമര്‍ശിച്ചത് ശരിയായില്ലെന്നും അഫ്‌സല്‍ പറഞ്ഞു.