ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ കഴിഞ്ഞ മൂന്നു ദിവസത്തിനിടെയുണ്ടായ ശക്തമായ ഉഷ്ണക്കാറ്റിലും കൊടുംചൂടിലും 200 മരണം. സൂര്യാതാപമേറ്റാണ് മരണം കൂടുതൽ. നിരവധി പേർ ആശുപത്രിയില്‍ ചികിൽസയിലാണ്. ഇരു സംസ്ഥാനങ്ങളിലും ചുട് 47 ഡിഗ്രി കടന്നതായാണ് വിവരം. ഇതാണ് മരണ സംഖ്യ കൂടാന്‍ ഇടയാക്കിയത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് ഇത്രയും ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്നത്. ചൂട് 49 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് ഉഷ്ണക്കാറ്റ് ശക്തമായത്. വെള്ളിയാഴ്ച സൂര്യതാപമേറ്റ് 100 പേർ മരിച്ചതായാണ് ഔദ്യോഗിക റിപ്പോർട്ട്. മരിച്ചവരെല്ലാം കര്‍ഷകരും കൂലിവേലക്കാരുമാണ്. തെരുവില്‍ കഴിയുന്നവരും മരിച്ചവരിൽ ഉൾപ്പെടും. അതിനാല്‍ പുറത്ത് ജോലി ചെയ്യുന്നവർ പത്തുമണിയോടെ ജോലി നിര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പു നല്‍കി. ഒഡീഷയിൽ ഉഷ്ണക്കാറ്റിൽ 23 പേർ മരിച്ചതായും റിപ്പോർട്ടുണ്ട്. ബംഗാൾ, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലും കനത്ത ചൂട് അനുഭവപ്പെടുന്നുണ്ട്.