പ്രശസ്ത ചലച്ചിത്രതാരം മനോരമ (78) അന്തരിച്ചു. ഹൃദയാഘാതം മൂലം ശനിയാഴ്ച രാത്രി 11.30 ഓടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഞായറാഴ്ച വൈകിട്ട് ആറിനു ചെന്നൈ കണ്ണമ്മപ്പേട്ടില്‍ നടക്കും. തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നട തുടങ്ങിയ ആയിരത്തോളം സിനിമകളിലും ആയിരത്തോളം നാടകങ്ങളിലും വേഷമിട്ടിട്ടുണ്ട്.
കാശി കുഡയ്യർ രാമമർഥം എന്നിവരുടെ മകളായി തഞ്ചാവൂർ മന്നാർഗുഡിയിലാണ് ജനനം. പന്ത്രണ്ടാം വയസിൽ അഭിനയരംഗത്തത്തെിയ ഗോപിശാന്ത എന്ന മനോരമ നിരവധി നാടകങ്ങളിലും ടെലിവിഷന്‍ പരമ്പരകളിലും വേഷമിടുകയും നൂറിലധികം ചിത്രങ്ങളില്‍ പിന്നണി പാടുകയും ചെയ്തിട്ടുണ്ട്.
1958 ലാണ് മനോരമ തമിഴ് സിനിമാ രംഗത്തേക്കു കടന്നു വരുന്നത്.കണ്ണദാസന്റെ ‘മാലൈയിട്ട മങ്കൈ’ എന്ന സിനിമയായിരുന്നു ആദ്യം. അണ്ണാദുരൈ, കരുണാനിധി, എംജിആർ, എൻടിആർ, ജയലളിത എന്നിങ്ങനെ അഞ്ചു മുഖ്യമന്ത്രിമാർക്കൊപ്പം സിനിമയിൽ അഭിനയിച്ച താരം കൂടിയാണ് മനോരമ.
2002ൽ പത്മശ്രീ, 1989ൽ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം, ഫിലിംഫെയർ പുരസ്‌കാരം, തമിഴ്‌നാട് സർക്കാറിന്റെ കലൈമണി പുരസ്‌കാരം തുടങ്ങിയവ മനോരമയെ തേടിയെത്തിയിട്ടുണ്ട്. ആയിരം ചിത്രങ്ങൾ കഴിഞ്ഞപ്പോൾ 1987ൽ മനോരമയുടെ പേര് ഗിന്നസ് ബുക്കിലെത്തി. 35 തവണ ഫിലിം ഫാൻസ് അവാർഡ് ലഭിച്ചു. തമിഴ്‌നാട്, ആന്ധ്ര സംസ്ഥാന അവാർഡുകൾ പല തവണ ലഭിച്ചു. കലൈമാമണി, എംജിആർ അവാർഡ്, അല്ലൂർ രാമലിംഗയ്യ അവാർഡ്, സാംബയ്യ-കലാസാഗർ അവാർഡുകൾ ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങളും ലഭിച്ചു. മലയാളത്തില്‍ 20 ഓളം ചിത്രങ്ങളിലാണ് മനോരമ അഭിനയിച്ചത്.