മോഡി മാജിക്, സ്വച്ഛ ഭാരതത്തിന് കോര്‍പ്പറേറ്റ് പിന്തുണ

Webdunia
ചൊവ്വ, 19 ഓഗസ്റ്റ് 2014 (14:16 IST)
പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സ്വച്ഛ ഭാരതം പദ്ധതിക്ക് 200 കോടിയിലധികം രൂപ കോര്‍പ്പറേറ്റ് സ്ഥാ‍പനങ്ങള്‍ വകയിരുത്തി. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പദ്ധതിപ്രകാരം കോര്‍പ്പറേറ്റുകള്‍ സ്‌കൂളിലെ ടോയ്‌ലറ്റ് നിര്‍മ്മാണത്തില്‍ പങ്കാളികളാകണമെന്ന് മോഡി ആവശ്യപ്പെട്ട് വെറും നാലുദിവസത്തിനുള്ളിലാണ് കോര്‍പ്പറേറ്റുകള്‍ രംഗത്ത് വന്നത്.

പ്രമുഖ ഇന്ത്യന്‍ കോര്‍പ്പറേറ്റുകളായ ടാറ്റയും ഭാരതിയുമാണ് തുക വകയിരുത്തി മുന്നൊട്ട് വന്നിരിക്കുന്നത്. തിങ്കളാഴ്ചയാണ് കമ്പനികള്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഓഗസ്റ്റ് 15ന് മോഡിയുടെ പ്രഖ്യാപനമുണ്ടായി അല്‍പസമയത്തിനുള്ളില്‍ ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്‌സ് ഈ പദ്ധതിയിലേക്ക് രണ്ട് കോടി വാഗ്ദാനം ചെയ്തിരുന്നു. ഗ്രാമങ്ങളിലെ പ്രാഥമിക വിദ്യാലയങ്ങളിലെ പെണ്‍കുട്ടികളുടെ ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കാനായിരുന്നു ഈ തുക ബാങ്ക് നല്‍കിയത്.

പതിനായിരം സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് ശൌചാലയങ്ങള്‍ നിര്‍മ്മിക്കാന്‍ 100 കോടീ രൂപ വകയിരുത്തിയെന്ന് റ്റാറ്റ കണ്‍സള്‍ട്ടന്‍സി മേധാവി എന്‍ ചന്ദ്ര ശേഖരന്‍ അറിയിച്ചു . പഞ്ചാബിലെ ഗ്രാമങ്ങളില്‍ സത്യ ഭാരതി അഭിയാന്‍ എന്ന പദ്ധതിക്ക് കീഴിലാണ് ഭാരതി ഗ്രൂപ്പ് 100 കോടി വകയിരുത്തിയിട്ടുള്ളത്

പഞ്ചാബിലെ ലുധിയാന ജില്ലയെ ഈ ഉദ്ദേശ്യത്തിനായി ദത്തെടുക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ പദ്ധതിയുടെ ഭാഗമായി ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കാനായി 100 കോടി വകയിരുത്തുമെന്ന് ഫൗണ്ടേഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ ലുധിയാനയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ പെണ്‍കുട്ടികളുടെ ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കാനും ഭാരതി ഫൗണ്ടേഷന്‍ ഫണ്ട് വകയിരുത്തിയിട്ടുണ്ട്.

സ്വച്ഛ ഭാരതില്‍ ഏവരും പങ്കാളികളാകണമെന്ന് സ്വാതന്ത്ര്യദിനത്തില്‍ മോഡി ആഹ്വാനം ചെയ്തിരുന്നു. ഒരു ഗവണ്‍മെന്റ് മിഷന്‍ എന്നതിലുപരിയായി ഒരു പബ്ലിക് മൂവ്‌മെന്റ് എന്ന നിലയില്‍ ഇതില്‍ അണിചേരണമെന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നത്.