മുന്‍ ഐപിഎല്‍ കമ്മീഷ്ണര്‍ ലളിത് മോഡിയെ വഴിവിട്ട് സഹായിച്ച കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ ജയിലിലടയ്ക്കണമെന്ന് പറഞ്ഞ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി മാപ്പു പറയണമെന്ന ബിജെപിയുടെ ആവശ്യം കോൺഗ്രസ് തള്ളി. സുഷമയെ ജയിലിലാക്കണം എന്നൊരിക്കലും രാഹുൽ പറഞ്ഞിട്ടില്ല. അതിനാൽ തന്നെ രാഹുൽ മാപ്പ് പറയേണ്ട ആവശ്യമില്ലെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.
സുഷമയ്ക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശം മന്ത്രിയെ മാത്രമല്ല രാജ്യത്തെയും അപകീർത്തിപ്പെടുത്തുന്നതാണ്. മാപ്പു പറഞ്ഞില്ലെങ്കിൽ രാഹുലിനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ടു പോകുമെന്നും നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം, മനുഷ്യത്വത്തിന്റെ പേരിൽ ലളിത് മോഡിയെ സഹായിച്ച സുഷമ സ്വരാജ് കുറ്റക്കാരിയാണോ എന്നു തീരുമാനിക്കേണ്ടത് കോടതിയാണ്. അവർക്കെതിരെ കുറ്റാരോപണം നടത്തി വിധി പറയാൻ അല്ല ഞങ്ങൾ ഇവിടെയുള്ളതെന്നും കോൺഗ്രസ് വക്താവ് അഭിഷേക് സിങ്വി പറഞ്ഞു.