ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ സോപാധിക ജാമ്യം നേടിയ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്ക് കേരളത്തില്‍ ചികിത്സ അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി. കേരളത്തില്‍ തുടര്‍ചികിത്സ നടത്താന്‍ അനുവദിക്കണമെന്ന മദനിയുടെ ആവശ്യം കോടതി തള്ളി. ചികിത്സ ബാംഗ്ലൂരില്‍ തന്നെ തുടരണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. അതേസമയം മദനിയുടെ ജാമ്യകാലാവധി നാലാഴ്ചത്തേക്കു കൂടി നീട്ടി.
മദനിയെ സംസ്ഥാനം വിട്ടുപോകാന്‍ അനുവദിക്കരുതെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റിസ് ജെ ചെലമേശ്വര്‍ അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടത്. കേരളത്തിലെ കൂത്താട്ടുകുളത്തുള്ള ശ്രീധരീയത്തില്‍ നേത്രചികിത്സ നടത്താന്‍ മുതിര്‍ന്ന ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായി മഅദിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കര്‍ണാടകത്തിന് പുറത്തു ചികിത്സ അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
നാലാഴ്ചയ്ക്കു ശേഷം മദനിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച് കൂടുതല്‍ തീരുമാനമെടുക്കാമെന്നും കോടതി നിരീക്ഷിച്ചു. നേരത്തെ, ചികിത്സ തുടരണമെന്ന ആവശ്യം പരിഗണിച്ചാണ് കോടതി മദനിക്ക് ഒരു മാസത്തെ സോപാധിക ജാമ്യം അനുവദിച്ചത്. ജാമ്യകാലാവധി പിന്നീട് രണ്ടു തവണയായി ഒന്നരമാസത്തേക്ക് നീട്ടി നല്‍കുകയായിരുന്നു.