ജീവപര്യന്തം തടവുകാരെ സംസ്ഥാനങ്ങള്‍ക്ക് ഉപാധികളോടെ മോചിപ്പിക്കാമെന്ന് സുപ്രീംകോടതി

Webdunia
വെള്ളി, 24 ജൂലൈ 2015 (12:10 IST)
ജീവപര്യന്തം തടവുകാരെ സംസ്ഥാനങ്ങള്‍ക്ക് ഉപാധികളോടെ മോചിപ്പിക്കാമെന്ന് സുപ്രീംകോടതി ഉത്തരവ്. ജീവപര്യന്തം തടവുകാരെ വിട്ടയക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ളെന്ന സുപ്രീംകോടതിയുടെ പഴയ വിധി ദുര്‍ബലപ്പെടുത്തിയാണ് ഇടക്കാല വിധി. ജീവപര്യന്തം തടവുകാരെ മോചിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് വിലക്കിയത് കഴിഞ്ഞകൊല്ലമാണ്. രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള തമിഴ്നാട് സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയേ തുടര്‍ന്നാണ് ഈ നടപടി.

ഈ ഉത്തരവ് റദ്ദാക്കിയെങ്കിലും രാജീവ്ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവനുഭവിക്കുന്നവരുടെ കാര്യത്തില്‍ അത് നിലനില്‍ക്കുമെന്നും കോടതി പറഞ്ഞു. ഭരണഘടനയുടെ 72, 161 അനുച്ഛേദങ്ങള്‍പ്രകാരം രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കുമുള്ള വിവേചനാധികാരത്തിനു വിധേയമായിരിക്കും തടവുകാരെ മോചിപ്പിക്കാനുള്ള സംസ്ഥാനസര്‍ക്കാറുകളുടെ അധികാരമെന്ന് പറഞ്ഞ കോടതി ഇരുപത്തിയഞ്ചിനും വര്‍ഷം തടവിന് വിധിക്കപ്പെട്ട പ്രതികള്‍, കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ തുടര്‍ന്ന് കേന്ദ്ര നിയമപ്രകാരം ശിക്ഷിക്കപ്പെട്ട പ്രതികള്‍, മാനഭംഗത്തിനൊപ്പം കൊലപാതകവും ചെയ്ത പ്രതികള്‍ എന്നിവരെ ശിക്ഷ ഇളവ് ചെയ്ത് മോചിപ്പിക്കരുതെന്ന് ഉപാധിയും മുന്നോട്ട് വച്ചു.

1991ലെ രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ ശിക്ഷ ജീവപര്യന്തമായി സുപ്രീംകോടതി കഴിഞ്ഞവര്‍ഷം ഫെബ്രുവരി 18ന് വെട്ടിക്കുറച്ചിരുന്നു. ശിക്ഷ നടപ്പാക്കാന്‍ വൈകിയത് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. വിധി വന്നതിന് തൊട്ടുപിന്നാലെ ഫെബ്രുവരി 20ന് ഇവരുള്‍പ്പെടെ രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെയും വിട്ടയക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍, കേന്ദ്ര ഏജന്‍സി അന്വേഷിച്ച കേസിലെ പ്രതികളുടെ ശിക്ഷ ഇളവ് ചെയ്യാന്‍ സംസ്ഥാനത്തിന് കഴിയില്ളെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചു. തുടര്‍ന്ന് രാജീവ് വധക്കേസിലെ പ്രതികളെ വിട്ടയക്കാനുള്ള നടപടി റദ്ദാക്കിയ കോടതി, ജീവപര്യന്തം തടവുകാരെ മോചിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരവും സ്റ്റേ ചെയ്ത് വിഷയം ഭരണഘടനാ ബെഞ്ചിന് വിടുകയായിരുന്നു.

ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തുവിനു പുറമേ, ജസ്റ്റിസുമാരായ എഫ്എംഐ. ഖലീഫുള്ള, പിനാകിചന്ദ്ര ഘോഷ്, അഭയ് മനോഹര്‍ സപ്രെ, യു.യു. ലളിത് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് കേള്‍ക്കുന്നത്. കേസില്‍ തമിഴ്നാടിന് പുറമെ മഹാരാഷ്ട്ര, ബിഹാര്‍, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളും സുപ്രീംകോടതിയില്‍ കക്ഷിചേര്‍ന്നിട്ടുണ്ട്. ജീവപര്യന്തം തടവില്‍നിന്ന് മോചനം തേടി തിരുവനന്തപുരം തുറന്ന ജയിലില്‍ കഴിയുന്ന 32 തടവുകാരും കേസില്‍ കക്ഷികളാണ്.