ആകാശത്തും കരുത്തരാകാന്‍ ഇന്ത്യ സൂപ്പര്‍സോണിക് മിസൈല്‍ എയര്‍ക്രാഫ്റ്റ് നിര്‍മ്മിക്കും

ബുധന്‍, 15 ഒക്‌ടോബര്‍ 2014 (16:14 IST)
ആകാശത്തുനിന്ന് മിസൈല്‍ പ്രയോഗിക്കാനുള്ള ശേഷി കൈവരിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. ഇത്തരത്തില്‍ മിസൈല്‍ അയയ്ക്കാന്‍ കഴിയുന്ന സൂപ്പര്‍സോണിക് മിസൈല്‍ എയര്‍ക്രാഫ്റ്റ് ഉണ്ടാക്കാനാണ് പ്രതിരോധ ഗവേഷണ സംഘടനയായ ഡിആര്‍ഡിഒ ശ്രമം തുടങ്ങി. നേരത്തേ ഭൂമിയില്‍ നിന്നും കടലില്‍ നിന്നും മിസൈലുകള്‍ പ്രയോഗിക്കാന്‍ ഇന്ത്യ കരുത്ത് നേടിയിരുന്നു.

എന്നാല്‍ യുദ്ധ വിമാനങ്ങളില്‍ നിന്നും മിസൈലുകള്‍ പ്രയോഗിക്കാന്‍ ഇന്ത്യയ്ക്ക് പരിമിതമായ കഴിവു മാത്രമേയുള്ളു. ഒരു വര്‍ഷത്തിനുള്ളില്‍ സൂപ്പര്‍ സോണിക് മിസൈല്‍ എയര്‍ക്രാഫ്റ്റ് പരീക്ഷിക്കാനാണ് തയ്യാറെടുക്കുന്നതെന്നാണ് ഡിആര്‍ഡിഒ മുന്‍ റിസര്‍ച്ച് കണ്‍ട്രോളര്‍ കൂടിയായ പ്രതിരോധ ശാസ്ത്രജ്ഞന്‍ എ ശിവതാണുപിള്ള പറഞ്ഞു.

മദ്രാസ് റോട്ടറി ക്ലബ്ബിന്റെ 'ലൈഫ് ടൈം അച്ചീവ്‌മെന്റ്' അവാര്‍ഡ് എറ്റുവാങ്ങാനെത്തിയതായിരുന്നു അദ്ദേഹം. ഈ പരീക്ഷണം വിജയിച്ചാല്‍ സൈനിക മേഖലയില്‍ ഇന്ത്യയ്ക്ക് ലഭിക്കാവുന്ന എറ്റവും വലിയ നേട്ടമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2014 ഡിസംബറില്‍ ഇത് യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

ഇന്ത്യയുടെ മിസൈല്‍ പരീക്ഷണ മേഖലയില്‍ നിര്‍ണായക പങ്ക് വഹിച്ച ശിവതാണുപിള്ള ഈയിടെയാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍നിന്ന് ലാല്‍ ബഹാദൂര്‍ ശാസ്ത്രി അവാര്‍ഡ് എറ്റുവാങ്ങിയത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക