നേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട് വർഷങ്ങളായി തുടരുന്ന നിഗൂഢത നീക്കുന്നതിന്റെ ഭാഗമായി പശ്ചിമ ബംഗാൾ സർക്കാരിന്റെ കൈവശമുള്ള അദേഹവുമായി ബന്ധപ്പെട്ട രഹസ്യ ഫയലുകള്‍ പുറത്തുവിടാന്‍ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട 64 ഫയലുകളാണ് പുറത്തുവിടുന്നത്. ഈ ഫയലുകള്‍ ഈ മാസം 18 ന് കൊല്‍ക്കത്ത പൊലീസ് മ്യൂസിയത്തില്‍ പൊതുജനങ്ങള്‍ക്കായി നല്‍കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കി.
ഒരു പ്രമുഖ വാർത്താ ഏജൻസിയുമായി സംസാരിക്കവെയാണ് നേതാജിയുമായി ബന്ധപ്പെട്ട ഫയലുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് മമതാ ബാനർജി അറിയിച്ചത്. നേതാജിയുമായി ബന്ധപ്പെട്ടുള്ള നിഗൂഢത ഇപ്പോഴും അതേപടി തുടരുകയാണ്. അതുകൊണ്ടുതന്നെ ഈ നിഗൂഢത നീക്കുന്നതിന് സഹായിക്കുന്ന എന്തൊക്കെ തെളിവുകൾ സംസ്ഥാന സർക്കാരിന്റെ പക്കലുണ്ടോ അവയെല്ലാം ഉടൻ പുറത്തുവിടും - മമത പറഞ്ഞു.
മറ്റു ചില ഫയലുകൾ തപ്പിപ്പോയപ്പോഴാണ് നേതാജിയുമായി ബന്ധപ്പെട്ട ഈ ഫയലുകൾ കണ്ടെത്തിയതെന്നും അപ്പോൾത്തന്നെ ഇവ പുറത്തുവിടാൻ തീരുമാനിക്കുകയായിരുന്നുവെന്നും മമത അറിയിച്ചു. ഇതൊരു സുപ്രധാന തീരുമാനമാണെന്നും മമത ചൂണ്ടിക്കാട്ടി. ഈ മാസം 18 മുതൽ ഈ ഫയലുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കും. സിറ്റി പൊലീസിന്റെ ശേഖരത്തിലായിരിക്കും ഈ ഫയലുകളും സൂക്ഷിക്കുകയെന്നും മമത വ്യക്തമാക്കി. ആഭ്യന്തര സുരക്ഷയുമായോ അതുപോലെ അതീവപ്രാധാന്യമുള്ള മറ്റേതെങ്കിലും മേഖലയുമായോ ഈ ഫയലുകൾക്ക് ബന്ധമുണ്ടെന്ന് താൻ കരുതുന്നില്ലെന്നും മമത അറിയിച്ചു.
നേതാജിയുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തുവിടാനുള്ള പശ്ചിമ ബംഗാൾ സർക്കാരിന്റെ തീരുമാനത്തെ നേതാജിയുടെ ബന്ധുവായ ചന്ദ്രകുമാർ ബോസ് സ്വാഗതം ചെയ്തു. പുറത്തുവിടുന്ന ഫയലുകള്‍ പരിശോധിക്കാന്‍ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം രഹസ്യ രേഖകളായി സൂക്ഷിച്ചിരുന്ന 1937 മുതല്‍ 1947 വരെയുള്ള നേതാജിയുമായി ബന്ധപ്പെട്ട ഫയലുകള്‍ ഡിജിറ്റലൈസ് ചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചു.
നേതാജി വിമാനാപകടത്തില്‍ മരിച്ചിട്ടില്ലെന്നും അദ്ദേഹം റഷ്യയില്‍ കൊല ചെയ്യപ്പെടുകയായിരുന്നെന്നുമുളള വെളിപ്പെടുത്തലുമായി ബോസിന്റെ മുന്‍ അംഗരക്ഷകന്‍ ജഗ്രാം യാദവും രംഗത്തെത്തിയിരുന്നു. 1945 ഓഗസ്റ്റ് 18 നാണ് സുഭാഷ് ചന്ദ്രബോസ് അപ്രത്യക്ഷനാകുന്നത്.