അഞ്ചു കോടി പിഴ അടയ്‌ക്കാനുള്ള സമയപരിധി നീട്ടി; ജയിലില്‍ പോകേണ്ടി വന്നാലും നയാപൈസ പോലും അടയ്‌ക്കില്ലെന്ന് ശ്രീശ്രീ രവിശങ്കർ

വ്യാഴം, 10 മാര്‍ച്ച് 2016 (18:04 IST)
പരിസ്ഥിതി മലനീകരണത്തിനൊപ്പം യമുനാ തീരത്തിന് രൂപമാറ്റം വരുത്തി സാംസ്കാരിക പരിപാടി നടത്താന്‍ ശ്രമിച്ചതിന് ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന് മേല്‍ ചുമത്തിയ അഞ്ചു കോടി രൂപ പിഴ അടക്കാനുള്ള സമയപരിധി നീട്ടി നല്‍കി. നാളെ വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്.

ഇന്നു വൈകിട്ട് നാലു മണിക്ക് മുമ്പ് അഞ്ചു കോടി രൂപ അടയ്‌ക്കണമെന്ന് ഹരിതട്രൈബ്യൂണല്‍ നേരത്തെ ഉത്തരവിട്ടിരുന്നു. ഈ സമയത്തിനകം ഡല്‍ഹി ഡവലപ്മെന്റ് അതോറിറ്റിക്ക് തുക കൈമാറിയില്ലെങ്കില്‍ പരിപാടിക്കുള്ള അനുമതി റദ്ദാക്കുമെന്നും ട്രൈബ്യൂണല്‍ അറിയിച്ചിരുന്നു. ഈ തീരുമാനമാണ് മാറ്റിയിരിക്കുന്നത്.

അതേസമയം, ദേശീയ ഹരിത ട്രൈബ്യൂണൽ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ശ്രീശ്രീ രവിശങ്കർ പറഞ്ഞിരുന്നു. ജയിലിൽ പോയാലും പിഴയടക്കില്ലെന്നും. നയാപൈസ പോലും അടയ്‌ക്കാന്‍ ഉദ്ദേശിക്കുന്നില്ല. ട്രൈബ്യൂണൽ വിധിയിൽ തൃപ്തിയില്ലെന്നും സത്യം ജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്‌തു. അതേസമയം ,പരിപാടിക്കുള്ള അനുമതി റദ്ദാക്കണമെന്ന്ആവശ്യപ്പെട്ട് കര്‍ഷകര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീകോടതി വിസമ്മതിച്ചു.

വെബ്ദുനിയ വായിക്കുക