പാക്ക് അധിനിവേശ കശ്മീരിലെ ഭീകരവാദ വിഭാഗം കമാൻഡറായ ജയ്ഷെ മുഹമ്മദ് ഭീകരൻ കശ്മീരിൽ പിടിയിൽ

Webdunia
ഞായര്‍, 15 മെയ് 2016 (11:43 IST)
ജയ്ഷെ മുഹമ്മദ് ഭീകരനെന്ന് സംശയിക്കുന്നയാളെ ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നിന്ന് പിടികൂടി.  വെള്ളിയാഴ്ച ബാരാമുള്ളയിലെ ഹജിബാലിൽനിന്നായിരുന്നു ഇയാളെ പിടികൂടിയത്. ഇയാളിൽനിന്ന് എകെ47 റൈഫിൾ, ആധാർ കാർഡ്, നാലു ഗ്രനേഡുകൾ, വയർലെസ് സെറ്റ് തുടങ്ങിയവ കണ്ടെടുത്തുവെന്ന് പൊലീസ് അറിയിച്ചു.
 
നാല്പാത്തിയാ‍റ് രാഷ്ട്രീയ റൈഫിൾസിന്റെയും സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്റെയും സംയുക്ത നീക്കത്തിലൂടെയാണ് പാക്ക് അധിനിവേശ കശ്മീരിലെ ഭീകരവാദ വിഭാഗം കമാൻഡറായ അബ്ദുൽ റഹ്മാൻ എന്ന ഭീകരനെ പിടികൂടിയത്. ഇയാൾ എങ്ങിനെയാണ് ആധാർ കാർഡ് സംഘടിപ്പിച്ചതെന്ന് വ്യക്തമല്ല. ആധാർ കാർഡ് കപ്യൂട്ടർ നിർമിതമാണ്. വ്യാജമാണോയെന്നും അതോ യഥാർഥമായത് ആണോയെന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പാക്കിസ്ഥാനിലെ ബാലക്കോട്ടിലെ ജയ്ഷെ മുഹമ്മദിന്റെ ക്യാംപിലാണ് റഹ്മാൻ പരിശീലനം നടത്തിയതെന്നും പൊലീസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
 
ഷാഹിർ അഹമ്മദ് ഖാൻ എന്ന പേരാണ് ഇയാളിൽനിന്ന് പിടിച്ചെടുത്ത ആധാർ കാർഡിലുള്ളത്. പിതാവിന്റെ പേരായി നൽകിയിക്കുന്നത് ഗുലാം റസൂൽ ഖാൻ എന്നാണ്. ബാരാമുള്ളയിലെ ജയ്ഷെ മുഹമ്മദിന്റെ അടിത്തറ വർധിപ്പിക്കുന്നതിനുള്ള കഠിന ശ്രമത്തിലായിരുന്നു റഹ്മാൻ. കൂടാതെ യുവാക്കളെ ഇതിലേക്ക് ആകർഷിക്കുന്നതിനുള്ള ശ്രമങ്ങളും ഇയാള്‍ നടത്തിവരികയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article