വരുന്നു സോളാര്‍ ട്രയിന്‍, സ്വപ്ന പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍‌വെ

ബുധന്‍, 3 ജൂണ്‍ 2015 (13:32 IST)
രാജ്യത്തിന്റെ റെയില്‍ പദ്ധതികളുടെ മുഖഛായ മാറാന്‍ ഒരുങ്ങുന്നു. ഡീസലും, വൈദ്യുതിയും കൊണ്ട് പ്രവര്‍ത്തിക്കുന്ന എഞ്ചിനുകള്‍ക്ക് പകരമായി ഇനി സൌരോര്‍ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന എഞ്ചിന്‍ കൊണ്ടുവരാന്‍ റെയില്‍ വകുപ്പ് ആലോചിക്കുന്നു. വൈദ്യുതിയും ഡീസല്‍ ഉപഭീഗവും കുറയ്ക്കുകയും അതുവഴി സാമ്പത്തിക ലാഭവും അന്തരീക്ഷ മലിനീകരണം ഒഴിവാക്കുകയും ചെയ്യാമെന്ന് റെയില്‍‌വെ കണക്കാക്കുന്നു.

ആദ്യത്തെ സൗരോര്‍ജ തീവണ്ടിയുടെ മുഴുവന്‍ കോച്ചുകളുടെയും മുകള്‍ഭാഗം സൗരോര്‍ജ പാനല്‍ വയ്ക്കുവാനാണ് തീരുമാനം. ഈ പരീക്ഷണം വിജയിക്കുന്നെങ്കില്‍ കൂടുതല്‍ തീവണ്ടികളിലേയ്ക്ക് ഈ സൗകര്യം വ്യാപിപ്പിക്കും.  തീവണ്ടി ഓടിതുടങ്ങുന്നത് ഡീസലിലും ബാക്കി പ്രവര്‍ത്തനങ്ങള്‍ സൗരോര്‍ജത്തിലുമായിരിക്കും. എന്നാല്‍ ഇത് എല്ലാ സംസ്ഥാനങ്ങളിലും പ്രാവര്‍ത്തികമാകില്ല. സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമെ ഇത് ഭാവിയില്‍ എത്തു.

റെയില്‍വെയുടെ സ്വപ്‌ന പദ്ധതിയാണ് സൗരോര്‍ജ ട്രയിന്‍. മറ്റു ട്രയിനുകളെ അപേക്ഷിച്ച്  ട്രയിനിന്റെ ഒരു കോച്ചിന് ഏകദേശം 1.24 ലക്ഷം രൂപ ഒരു വര്‍ഷം ലാഭിക്കാനാകും എന്നാണ് വിലയിരുത്തല്‍. സൗരോര്‍ജ പാനലുകള്‍ ഘടിപ്പിച്ചിരിക്കുന്ന കോച്ചുകളില്‍ നിന്ന് 17 യൂണിറ്റ് വൈദ്യുതി ലഭിക്കുകയും ചെയ്യും. ഒരുവര്‍ഷം ഏകദേശം 90,000 ലിറ്റര്‍ ഡീസല്‍ ഉപഭോഗം സൗരോര്‍ജ തീവണ്ടിയ്ക്ക് കുറയ്ക്കുവാനാകും. അതോടൊപ്പം പുറത്തുവരുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവില്‍ 200 ടണ്‍ കുറയ്ക്കാനാകുമെന്നും പഠനങ്ങള്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക