സോളാര്‍ കേസുമായി ബന്ധപ്പെട്ട്, കെ ബി ഗണേഷ് കുമാറിന്റെ പി എ പ്രദീപ് സോളാര്‍ കമീഷനു മുമ്പാകെ മൊഴി നല്കാനെത്തി. പലതവണ ഹാജരാകാന്‍ നിര്‍ദ്ദേശം നല്കിയിരുന്നെങ്കിലും ഇയാള്‍ ഹാജരായിരുന്നില്ല. ഇതിനെ തുടര്‍ന്ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്ന മുന്നറിയിപ്പ് നല്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രദീപ് ഇന്ന് ഹാജരായത്.
അതേസമയം, മൊഴി നല്‍കാനെത്തിയ പ്രദീപിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സരിത നായരുടെ അമ്മയോടൊപ്പം 2014 ജൂലായ് 27ന് അട്ടക്കുളങ്ങര ജയിലില്‍ സരിതയെ കണ്ട വ്യക്തി പ്രദീപാണെന്ന് തെളിഞ്ഞിരുന്നു. സരിതയെ കാണുന്നതിന് തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാതെയായിരുന്നു പ്രദീപ് എത്തിയത്.
സംസ്ഥാന മന്ത്രിസഭയിലെ പല പ്രമുഖരും സരിതയെ കാണാന്‍ പ്രദീപിനെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജയിലധികൃതരെ സ്വാധീനം ചെലുത്തിയിരുന്നു. ആ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സരിത മാധ്യമങ്ങള്‍ക്ക് നല്‍കാനിരുന്ന കത്ത് 23 പേജില്‍ നിന്ന് നാലായി ചുരുങ്ങിയത്.