2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുക സ്മൃതി ഇറാനി തന്നെ. കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധിയെ തോല്‍പ്പിച്ചാണ് സ്മൃതി അമേഠിയില്‍ നിന്ന് ലോക്‌സഭയിലേക്ക് എത്തിയത്. കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായിരുന്നു അമേഠി. കഴിഞ്ഞ തവണത്തെ ചരിത്ര വിജയം ഒരു തവണ കൂടി അമേഠിയില്‍ മത്സരിക്കാന്‍ സ്മൃതി ഇറാനിക്ക് വഴിയൊരുക്കുകയാണ്. 2024 ലെ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് അമേഠിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ബിജെപി നേതൃത്വം സ്മൃതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേന്ദ്രമന്ത്രി കൂടിയായ സ്മൃതി ഇറാനി കഴിഞ്ഞ രണ്ട് മാസങ്ങളിലായി ഏതാണ്ട് 50 ദിവസം അമേഠി മണ്ഡലത്തില്‍ ചെലവഴിച്ചു. എംപി എന്ന നിലയില്‍ അമേഠിയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാനാണ് സ്മൃതിയുടെ തീരുമാനം. 2024 ലും രാഹുല്‍ ഗാന്ധിയെ തോല്‍പ്പിക്കുകയാണ് സ്മൃതി ഇറാനിയിലൂടെ ബിജെപി ലക്ഷ്യമിടുന്നത്.
അതേസമയം, അമേഠിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കുമോ എന്ന കാര്യത്തില്‍ പാര്‍ട്ടി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. രാഹുല്‍ ഇത്തവണയും രണ്ട് സീറ്റില്‍ മത്സരിച്ചേക്കുമെന്ന് തന്നെയാണ് സൂചന. വയനാട്ടില്‍ രാഹുല്‍ വീണ്ടും സ്ഥാനാര്‍ഥിയാകും. അമേഠിയുടെ കാര്യം രാഹുല്‍ തന്നെ തീരുമാനിക്കട്ടെ എന്നാണ് പാര്‍ട്ടിയുടെ അഭിപ്രായം.