ഡല്‍ഹിയില്‍ റയില്‍വേ വകുപ്പിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ചേരി പൊളിച്ച വിവാദത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. രാഹുല്‍ വെറും കുട്ടിയാണെന്ന് കെജ്‌രിവാള്‍ പറഞ്ഞു.
ചേരി പൊളിച്ചതില്‍ പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പാര്‍ലമെന്‍റിനു മുന്നില്‍ ധര്‍ണ നടത്തിയിരുന്നു. ഇതിനെ രാഹുല്‍ ചോദ്യം ചെയ്തിരുന്നു. ഇതാണ് കെജ്‌രിവാളിനെ പ്രകോപിപ്പിച്ചത്. ആപ് പാര്‍ലമെന്‍റിന് മുന്നില്‍ എന്തിനാണ് ധര്‍ണ നടത്തുന്നതെന്നും ചേരി പൊളിച്ചത് അവരുടെ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ തന്നെയല്ലേ എന്നുമായിരുന്നു രാഹുലിന്‍റെ ചോദ്യം.
എന്നാല്‍, രാഹുലിന്റെ ചോദ്യം ചെയ്യലില്‍ പ്രകോപിതരായ ആം ആദ്‌മി പ്രവര്‍ത്തകര്‍ അദ്ദേഹത്തിനെതിരെ രംഗത്തെത്തി. കഴിഞ്ഞ 48 മണിക്കൂര്‍ രാഹുല്‍ ഗാന്ധി എവിടെയായിരുന്നെന്നും ഈ കേസിലെ വസ്തുകളെ ക്കുറിച്ച് അദ്ദേഹത്തിന് ഒരു ധാരണയുമില്ലെന്നും പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി.
അതേസമയം, രാഹുല്‍ വെറും കുട്ടിയാണെന്നും റെയില്‍വെ എന്നത് ഇന്ത്യ ഗവണ്‍മെന്‍റിന്‍റെ കീഴിലാണെന്ന കാര്യം പാര്‍ട്ടിക്കാര്‍ രാഹുലിനെ അറിയിച്ചിട്ടുണ്ടാവില്ലെന്നും ട്വിറ്ററില്‍ കെജ്‌രിവാള്‍ പരിഹസിച്ചു.
ശനിയാഴ്ച അര്‍ധരാത്രി ഡല്‍ഹിയിലെ ഷാക്കൂര്‍ ബസ്തി കോളനിയിലെ വീടുകള്‍ റെയില്‍വെ പൊലീസ് പൊളിച്ചു നീക്കുന്നതിനിടെ വീടിന്റെ ജനല്‍ കട്ടിള ദേഹത്തുവീണ് ആറു മാസം പ്രായമായ കുഞ്ഞ് മരിച്ചിരുന്നു.